സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാവണം

കൊച്ചി: പുതുച്ചേരിയില്‍ വാഹന രജിസ്—ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസില്‍ രാജ്യസഭാ എംപി സുരേഷ് ഗോപി ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 21നാണ് ഹാജരാവേണ്ടത്. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. സുരേഷ് ഗോപിയെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നുകയാണെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം നോട്ടീസ് നല്‍കി വിളിച്ചുവരുത്താമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് അടുത്തമാസം ആദ്യവാരത്തിലേക്ക് മാറ്റി. ഇന്നലെ ഹരജി പരിഗണനയ്ക്ക് എടുത്തയുടന്‍ കോടതി കേസിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെയും കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെയും വിവിധ ചട്ടങ്ങള്‍ സുരേഷ് ഗോപി ലംഘിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറിയുടെ ഭാഗമായ രേഖകള്‍ പരിശോധിച്ച കോടതി ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്നും ശക്തമായ തെളിവുകളാണെന്നും വാക്കാല്‍ നിരീക്ഷിച്ചു. രാഷ്ട്രീയ എതിരാളിയെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്ന് സുരേഷ് ഗോപിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഈ കേസില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായി സുരേഷ് ഗോപിയെ വേട്ടയാടുന്നില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. നികുതി വെട്ടിച്ചെന്ന് പറയപ്പെടുന്ന വാഹനം ഡല്‍ഹിയിലാണെന്നാണ് സുരേഷ് ഗോപി പറയുന്നതെങ്കിലും ട്രാഫിക് നിയമലംഘനത്തിന് ഈ വാഹനം പലതവണ കേരളത്തിലെ ട്രാഫിക് പോലിസിന്റെ കാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വാദിച്ചു. സുരേഷ് ഗോപി നിയമത്തിന് മുമ്പില്‍ നിന്ന് രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് ഈ മാസം 21ന് രാവിലെ 10.15ന് സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it