സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിപ്പു നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വ്യാജരേഖ ചമച്ച് ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തിയെന്നു തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.
കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയതു 2014ലെ വാടകച്ചീട്ട് ആണെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. യഥാര്‍ഥ രേഖകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും എംപി ഹാജരാക്കിയില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. മാത്രമല്ല, വ്യാജരേഖ ചമച്ചാണു വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
എംപിയുടെ വാഹനം അമിത വേഗത്തില്‍ സഞ്ചരിച്ചു ഗതാഗതനിയമം ലംഘിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ നിരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ചത് 12 തവണയാണെന്നും എഫ്‌ഐആറില്‍ പറയുന്നു.
80 ലക്ഷത്തോളം വിലവരുന്ന പിവൈ 1 ബിഎ 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ കാറാണു പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ എംപി രജിസ്റ്റര്‍ ചെയ്തത്. ഈ കാറാണ് എംപി എന്ന നിലയില്‍ തന്റെ ഔദേ്യാഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ലക്ഷം രൂപ സംസ്ഥാന ഖജനാവിലേക്കു ലഭിക്കുമായിരുന്നു. സമാനമായ തട്ടിപ്പു നടത്തിയ മറ്റുള്ളവര്‍ക്കെതിരേയും കേസെടുത്ത് അന്വേഷണം ശക്തമാക്കി.
നികുതി വെട്ടിക്കാനായി പോണ്ടിച്ചേരി തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ ആഡംബര വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചുവരികയാണ്.
Next Story

RELATED STORIES

Share it