സുരക്ഷിത ഭക്ഷണമൊരുക്കാന്‍ മാതൃകാ പഞ്ചായത്തുകള്‍

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം, ജലം എന്നിവ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് അടുത്തവര്‍ഷം മാതൃകാ പഞ്ചായത്തുകള്‍ സൃഷ്ടിക്കും. ഇതിനായി 50 പഞ്ചായത്തുകള്‍ ദത്തെടുക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, സര്‍ക്കാരിത സംഘടനകള്‍ എന്നിവര്‍ക്കിടയില്‍ സുരക്ഷിത ഭക്ഷണത്തെ സംബന്ധിച്ച അവബോധം നല്‍കല്‍, ജൈവകൃഷിയുടെ പോല്‍സാഹനം, ആരോഗ്യകരമായ ജീവിതരീതി പ്രോല്‍സാഹിപ്പിക്കല്‍ എന്നിവ നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ ഫുഡ് സേഫ്റ്റി അവേര്‍നസ് പ്രോഗ്രാം(എസ്എഫ്എസ്എപി) നടപ്പാക്കും. ആദിവാസി മേഖലകളില്‍ വനം സര്‍വേ പൂര്‍ത്തിയാക്കും.
ഏകീകൃത ഓണ്‍ലൈന്‍ പോക്കുവരവ് പദ്ധതി തിരുവനന്തപുരം ജില്ലയിലെ 17 വില്ലേജുകളില്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞു. കായികരംഗത്തിന് സര്‍ക്കാര്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണ തുടരും. തിരുവനന്തപുരത്തെ സിമുലേറ്റഡ് ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയ്‌നിങ് സെന്ററും തൃക്കരിപ്പൂരിലെ സിന്തറ്റിക്ക് ഫുട്‌ബോള്‍ ടര്‍ഫും പാലക്കാട്ടെ സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. യുവജന കമ്മീഷനും യുവജനക്ഷേമ ബോര്‍ഡും നൂതനമായ പല പദ്ധതികളും നടപ്പാക്കിക്കഴിഞ്ഞു.
ചരക്കു ഗതാഗതം ആരംഭിക്കുന്നതിനായി ഉദ്യോഗമണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്തുകള്‍ നിര്‍മിക്കും. ഇതിനായി 1.5 കോടി രൂപ അനുവദിച്ചു. കൊച്ചിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാവാന്‍ പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിലും കോട്ടയം കഞ്ഞിക്കുഴിയിലും 212 കോടി ചെലവുവരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
കെഎസ്ടിപിയുടെ രണ്ടാംഘട്ട പദ്ധതിക്കായി 2403 കോടിരൂപയുടെ ലോകബാങ്ക് സഹായം ലഭിച്ചു. ഈ പദ്ധതി പ്രകാരം 363 കിലോമീറ്ററില്‍ ഒമ്പതു റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it