Alappuzha local

സുരക്ഷിതമല്ലാത്ത കുപ്പിവെള്ള വില്‍പന: അധികൃതര്‍ക്ക് നിസ്സംഗത

ഹരിപ്പാട്: ചുട്ടുപൊള്ളുന്ന വേനലില്‍ ജനം ദാഹിച്ചു വലയുമ്പോള്‍ അവരെ ചൂഷണം ചെയ്ത് കുപ്പിവെള്ള വില്‍പന. പൊതുജനത്തിന്റെ ആവശ്യകതയെ ചൂഷണം ചെയ്തു  കുപ്പിവെള്ള കമ്പനികള്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തുകയാണ്. ഗുണനിലവാരമില്ലാത്ത വെള്ളമാണ് കുപ്പികളിലാക്കി വിതരണം നടത്തുന്നതെന്നാണ് പരാതിയുയര്‍ന്നിട്ടുളളത്.
പ്ലാസ്റ്റിക്ക് കുപ്പികളിലും ജാറുകളിലും വെള്ളം നിറച്ച് ് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന വെള്ളം കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്കും ജലജന്യ സാംക്രമികരോഗങ്ങള്‍ക്കും കാരണമാവുന്നുണ്ടെന്ന്  ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍ കാലത്ത് വാഹനങ്ങളില്‍  കുപ്പിവെള്ളം കൊണ്ടുപോകുമ്പോള്‍ നല്ലതു പോലെ കുപ്പികള്‍ പടുത പോലെയുള്ളവ കൊണ്ടു മൂടണമെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അല്ലാത്തപക്ഷം കുപ്പിയിലുള്ള വെള്ളം സൂര്യന്റെ ചൂടേല്‍ക്കുമ്പോള്‍ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പോലെയുള്ള മാരകരോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ മൂടിയോ,അല്ലാത്തപക്ഷം കുപ്പിവെള്ളത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും ഇറക്കിയിരുന്നു.എന്നാല്‍  വില്‍പന നടത്തുന്നവര്‍ കുപ്പി വെള്ളം ഇറക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാന്‍ വേണ്ടി മൂടികള്‍ ഉപേക്ഷിക്കുകയാണ് പതിവ്.
നിയമത്തെ കാറ്റില്‍ പറത്തി കുപ്പിവെള്ളം നിറച്ച വാഹനങ്ങള്‍ ചീറിപായുമ്പോഴും നടപടിയെടുക്കേണ്ട  ഭക്ഷ്യ സുരക്ഷ വകുപ്പോ,ആഭ്യന്തര ആരോഗ്യ വകുപ്പോ നടപടിയെടുക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്.
കുടിവെള്ളം സംഭരിക്കുന്ന സ്ഥലങ്ങളിലെ ഭൗതിക സാഹചര്യങ്ങളോ, ലൈസന്‍സോ പരിശോധന നടത്താനോ  ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
കിണറുകളില്‍ നിന്നോ മറ്റു സ്രോതസ്സുകളില്‍ നിന്നോ വെള്ളമെടുത്ത് ശുദ്ധീകരിക്കാതെ നേരെ ബോട്ടിലിലാക്കുകയാണ് ചില കമ്പനികള്‍ ചെയ്യുന്നത്. ബോട്ടിലിന്റെ സീലിങില്‍ വിശ്വാസമര്‍പ്പിച്ച് പൊതുജനങ്ങള്‍ ഇവ വാങ്ങിക്കുടിക്കുകയും ചെയ്യുന്നു.കുപ്പിവെള്ള വിതരണം നടത്തുന്നത് കൂടുതലും അംഗീകൃത ഏജന്‍സികളല്ല.
വ്യാജ സ്റ്റിക്കര്‍ കുപ്പികളില്‍ പതിച്ച് ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്തിട്ടും പരിശോധന നടത്തേണ്ട വകുപ്പുകള്‍ പരസ്പരം പഴിചാരുന്നതല്ലാതെ ഉത്തരവുകള്‍ ലംഘിച്ച് കുപ്പിവെള്ള വിതരണം നടത്തുന്ന വരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാന്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ്  ആക്ഷേപം. കൂടാതെ ചില കടയുടമകള്‍ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it