thrissur local

സുരക്ഷിതപൂരത്തിനായി കൈപ്പുസ്തകം

തൃശൂര്‍: തൃശൂര്‍ പൂരത്തെ സുരക്ഷിതമാക്കാന്‍ കൈപുസ്തകവും. ലഹരിവിമുക്ത, കുറ്റവിമുക്ത, മാലിന്യവിമുക്ത അപകടവിമുക്തപൂരം എന്ന സന്ദേശവുമായി ആവിഷ്‌കാര്‍ ട്രസ്റ്റാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കോര്‍പ്പറേഷന്റേയും പോലിസിന്റേയും എക്‌സൈസിന്റേയും സഹകരണത്തോടെ തയ്യാറാക്കിയ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ട്രസ്റ്റ് സെക്രട്ടറി ബീന ഗോപിനാഥാണ്.
പൂരത്തെ ജനകീയവും മാലിന്യവിമുക്തവുമാക്കാന്‍ കോര്‍പ്പറേഷനും കുറ്റവിമുക്തമാക്കാന്‍ പോലിസും സ്വീകരിച്ചിട്ടുള്ള നടപടികള്‍ പുസ്തകത്തില്‍ വിവരിക്കുന്നു. പൂരദിവസങ്ങള്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച എക്‌സൈസ് വകുപ്പിന്റെ മുന്നൊരുക്കങ്ങളും വിവരിക്കുന്ന പുസ്തകത്തില്‍ പ്രമുഖരുടെ പൂരം ആശംസകളും ഓര്‍മ്മകളും ചേര്‍ത്തിട്ടുണ്ട്. ചെറുപൂരങ്ങളുടേയും പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങളുടേയും എഴുന്നെള്ളിപ്പ് സമയങ്ങളും പുസ്തകത്തിലുണ്ട്.അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ട പോലീസിന്റേയും മറ്റ് അധികാരികളുടേയും ഫോണ്‍ നമ്പറുകളും ലഭ്യമാണ്.
കൗസ്തുഭം ഓഡിറ്റോറിയത്തില്‍ തിരുവമ്പാടി പൂരചയമപ്രദര്‍ശനോദ്ഘാടന വേദിയില്‍ വെച്ച് കൈപുസ്തകത്തിന്റെ പ്രകാശനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍ നിര്‍വ്വഹിച്ചു. കല്‍ദായ സുറിയാനി സഭ സഹായമെത്രാന്‍ മാര്‍ യോഹന്നാന്‍ യോസ്തസ് എപ്പിസ്‌കോപ്പ ഏറ്റുവാങ്ങി. തേക്കിന്‍കാട് മൈതാനിയിലും പൂരത്തിന്റെ മറ്റ് വേദികളിലും വെച്ച് കൈപുസ്തകം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും.
Next Story

RELATED STORIES

Share it