Editorial

സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കണം

അന്യനാടുകളിലൊക്കെ സഞ്ചരിക്കുന്നവര്‍ക്കറിയാം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ഭരണകൂടം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍. നടപ്പാതയ്ക്ക് അല്‍പം ചരിവുണ്ടെങ്കില്‍ അതുപോലും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അവര്‍ വയ്ക്കും. തറ വൃത്തിയാക്കുന്നതിനിടയില്‍ അത് നനഞ്ഞിരിക്കുന്നു, സൂക്ഷിക്കണം എന്ന സൂചന നല്‍കും. ഇന്ത്യയില്‍ അത്തരം ശീലങ്ങള്‍ കുറവാണ്. കോഴിക്കോട്ട് മാന്‍ഹോളില്‍ വീണു മൂന്നു പേര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍, രക്ഷകനായി വന്ന നൗഷാദിനെക്കുറിച്ച ചര്‍ച്ചകള്‍ക്കിടയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ അധികൃതര്‍ കാണിച്ച അലംഭാവം കാര്യമായി ആരും ശ്രദ്ധിച്ചില്ല. ഗൗരവമുള്ള, എന്നാല്‍ വിരസമായ പ്രശ്‌നങ്ങള്‍ അങ്ങനെ അവസാനിക്കാറാണ് പതിവ്.
കേരളം പോലെ സാക്ഷരതയും പൗരബോധവുമുള്ള സംസ്ഥാനത്ത് പല തൊഴിലാളികളും ജോലി ചെയ്യുന്നത് ജീവന്‍ പണയംവച്ചിട്ടാണെന്നു പറയാം. സ്വകാര്യ അംബരചുംബികളുടെ പുറത്ത് പല മരാമത്തുപണികളും ചെയ്യുന്നവര്‍ താഴെ വീഴുമെന്ന യാതൊരു പരിഭ്രമവുമില്ലാതെ സര്‍ക്കസിലെ ട്രപീസ് കളിക്കാരേക്കാള്‍ വലിയ മെയ്‌വഴക്കം കാണിച്ചാണ് ജോലിയെടുക്കുന്നത്. കൂലി കൂടുതല്‍ നല്‍കിയാല്‍ ഏത് അപകടകരമായ തൊഴിലും ചെയ്യാന്‍ ആളുകള്‍ തയ്യാറായെന്നുവരും. വൈദ്യുതി ബോര്‍ഡ് തന്നെ സ്വന്തം ജീവനക്കാര്‍ക്ക് ഹാര്‍ഡ്ഹാറ്റും മറ്റു സുരക്ഷാ ഉപകരണങ്ങളും നല്‍കാന്‍ തുടങ്ങിയത് സമീപകാലത്താണ്.
മറ്റു ജോലികളുടെ അവസ്ഥയും അതുതന്നെ. അടഞ്ഞുകിടക്കുന്ന ഓടകള്‍ ശുചിയാക്കുമ്പോള്‍ വിഷവാതകങ്ങള്‍ ശ്രദ്ധിക്കണമെന്നു പറയുക മാത്രമല്ല ജോലിക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ ചെയ്യേണ്ടത്. ഗ്യാസ് മാസ്‌കുകളും കൈയുറകളും അത്തരം ജോലിക്കാര്‍ക്ക് നിര്‍ബന്ധമാണ്.
ഗതാഗതസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അപകടങ്ങള്‍ കുറയ്ക്കാനുള്ള ഏര്‍പ്പാടുകളാണ് അധികൃതര്‍ ആദ്യം അവഗണിക്കാറ്. സ്പീഡ് ബ്രേക്കറുകളും ജങ്ഷനുകളും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വയ്ക്കുന്നതിലും രാത്രികാലങ്ങളില്‍ അവ തെളിയിക്കുന്നതിലും പൊതുവില്‍ നമുക്കു മടിയാണ്. യാത്രാബോട്ടുകളില്‍ ആവശ്യത്തിനു ലൈഫ് ജാക്കറ്റുകള്‍ ഉണ്ടാവില്ല. ബഹുനില കെട്ടിടങ്ങള്‍ക്ക് തീപ്പിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നു ശഠിച്ചതുകൊണ്ടാണ് ഒരു ഉദ്യോഗസ്ഥന്റെ പിന്നാലെ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസുമായി ഓടിച്ചെന്നത്.
ഇതൊന്നും നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. കരാറുകാര്‍ സുരക്ഷാ മുന്‍കരുതല്‍ അവഗണിക്കുന്നു. തൊഴിലാളികളാകട്ടെ കൂടുതല്‍ വേതനം പ്രതീക്ഷിച്ചു ജോലിയെടുക്കുന്നു. കോഴിക്കോട്ട് ഓടയില്‍ ശ്വാസംമുട്ടി മരിച്ച തൊഴിലാളികള്‍ മറ്റൊരു സംസ്ഥാനത്തു നിന്നു വന്നവരാണെന്നത് യാദൃച്ഛികമല്ല. അധികൃതരാകട്ടെ, ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. അപകടങ്ങള്‍ സംഭവിച്ചാല്‍ അതു തങ്ങളെ ബാധിക്കില്ലെന്ന ബോധ്യം അവര്‍ക്ക് വലിയ രക്ഷാകവചമാകുന്നു. പൗരബോധത്തിന്റെ അഭാവം പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നതിനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനു സര്‍ക്കാര്‍ അടിയന്തരപ്രാധാന്യത്തോടെ നടപടിയെടുക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it