malappuram local

സുരക്ഷാ പരിശോധനയില്ല; ചാലിയാര്‍ നടപ്പാലം തുരുമ്പെടുക്കുന്നു

അരിക്കോട്: ചാലിയാറില്‍ നിര്‍മിച്ച നടപ്പാലത്തിലൂടെയുള്ള വിദ്യാര്‍ഥികളുടെ യാത്രയില്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. ചാലിയാര്‍ പുഴയില്‍ എട്ടുവര്‍ഷം മുമ്പു നിര്‍മിച്ച നടപ്പാലത്തിലൂടെ അരീക്കോടുനിന്നു നിരവധി വിദ്യാര്‍ഥികളാണു മൂര്‍ക്കനാട് ഹൈസ്‌കൂളിലെത്തുന്നത്. നിര്‍മാണം കഴിഞ്ഞ് രണ്ടുവര്‍ഷം കൊണ്ടുതന്നെ നടപ്പാലം തുരുമ്പെടുത്തു തുടങ്ങിയിരുന്നു. ചില ഭാഗങ്ങളില്‍ സുരക്ഷാ റാഡുകളില്‍ ചിലത്് വെല്‍ഡിങ് വേര്‍പ്പെട്ട നിലയിലാണ്. നിര്‍മാണം കഴിഞ്ഞു എട്ട് വര്‍ഷമായിട്ടും സുരക്ഷാ പരിശോധന നടക്കാത്തതു കാരണം തുരുമ്പെടുത്തത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അരീക്കോട്, മൂര്‍ക്കനാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നിര്‍മാണ ചുമതല കേരള ഇലക്ട്രിക് ലിമിറ്റഡ് കമ്പനിക്കായിരുന്നു. കെല്‍ പിന്നീട് നടപ്പാലം പ്രവൃത്തി കോഴിക്കോട് കേന്ദ്രീകരിച്ച സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചു. നിര്‍മാണം കഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷം പുഴയില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് പില്ലറിന് കേട് സംഭവിച്ചതു പിന്നീട് ബലപ്പെടുത്തിരുന്നു. ഇരുമ്പ് പാലമായതിനാല്‍ പെയിന്റ് ഇളകി മുഴുവന്‍ ഭാഗങ്ങളിലും തുരുമ്പ് വ്യാപിച്ചതു പാലത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുയര്‍ന്നിരിക്കയാണ്.
2009ലെ ചാലിയാര്‍ തോണിയപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ മരണപ്പെട്ടിരുന്നു. സ്‌കൂളിലേക്ക് പോവാനായി തോണി കയറിയ വിദ്യാര്‍ഥികള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ ജനകീയ പ്രതിഷേധമുയര്‍ന്നതിനു ശേഷമാണു ചാലിയാറിനു കുറുകെ നടപ്പാലം നിര്‍മിക്കുന്നത്. ഓരോ വര്‍ഷവും സുരക്ഷാ പരിശോധന നടത്താന്‍ അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍ തയ്യാറാവാത്തതാണ് പാലം തുരുമ്പെടുക്കാന്‍ കാരണം. ഇരു പഞ്ചായത്തുകളും സഹകരിച്ച് തുടര്‍ പ്രവൃത്തിക്കായി ഫണ്ട് നീക്കിവച്ചാല്‍ പരിഹരിക്കപ്പെടാന്‍ കഴിയുമെന്ന് പരിസരവാസികള്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളില്‍ ഫണ്ടില്ലെങ്കില്‍ എംഎല്‍എ ഫണ്ട് വകയിരുത്തി തുടര്‍ പ്രവൃത്തി നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it