Kollam Local

സുരക്ഷാ പദ്ധതികളില്ലാതെ തൊഴിലാളികള്‍ ദുരിതത്തില്‍

കൊല്ലം: കശുവണ്ടി മേഖലയുടെ തകര്‍ച്ചയുടെ മുഖ്യ ഉത്തരവാദിത്വം കേന്ദ്ര നയമാണെന്ന് കാഷ്യൂ കോര്‍പറേഷന്‍  ചെയര്‍മാന്‍. എസ് ജയമോഹന്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കശുവണ്ടിയുടെ ഇറക്കുമതി ചുങ്കം 10.5 ശതമാനമാണ് വര്‍ധിപ്പിച്ചത്. ചെറുകിടക്കാരേയും ഇടത്തട്ടുകാരെയും ഒഴിവാക്കുന്നതിനായി കൊണ്ടുവന്ന ഈ നയം കശുവണ്ടി ഇറക്കുമതിയെ സാരമായി ബാധിച്ചു. കശുവണ്ടിയുടെ ഇറക്കുമതി ചുങ്കം പൂര്‍ണ്ണമായി ഒഴിവാക്കി തോട്ടണ്ടിയുടെ വിലകുറച്ച് ലഭ്യമാക്കുന്നതിനുള്ള സാഹചര്യം സംജാതമാക്കുകയും ഈ നയം മൂലം കടക്കെണിയിലായ വ്യവസായികളുടെ ബാങ്കുബാധ്യത ഉള്‍പ്പടെ തീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചും വ്യവസായത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോട്ടണ്ടിയുടെ വില വര്‍ധനവും പരിപ്പിന്റെ വില കുറവുമാണ് വ്യവസായത്തിലെ പ്രധാന പ്രതിസന്ധി. പത്ത് വര്‍ഷക്കാലത്തിനടയില്‍ തോട്ടണ്ടി വില 240 ശതമാനം വര്‍ധിച്ചെങ്കിലും പരിപ്പ് വില 90 ശതമാനം മാത്രമാണ് വര്‍ധിച്ചത്. പരിപ്പിന്റെ വില കുറയാന്‍ പ്രധാന കാരണം വിയറ്റ്‌നാമില്‍ നിന്നുള്ള കശുവണ്ടി പരിപ്പ് ഇറക്കുമതിയാണ്. ഇപ്രകാരം ഇറക്കുമതി ചെയ്യുന്ന കശുവണ്ടി പരിപ്പിന് ഇന്ത്യയില്‍ പ്രോസസ് ചെയ്യുന്ന കശുവണ്ടി പരിപ്പിന് സമാനമായ വില വരത്തക്ക വിധത്തില്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ കഴിയാത്തതാണ് ഇതിന് പ്രധാന കാരണം.വന്‍കിട കുത്തകകള്‍ കശുവണ്ടി വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഊഹക്കച്ചവട രൂപത്തില്‍ ഗോഡൗണുകളില്‍ സംഭരിച്ച് നാട്ടില്‍ ക്ഷാമമുള്ളപ്പോള്‍ കമ്പോളത്തില്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്ന പ്രവണത ശക്തിപ്പെടുന്നു. ഇവരില്‍ നല്ല പങ്കും ഫാക്ടറികള്‍ നടത്തുന്നവരല്ല. ഫാക്ടറികള്‍ ഇല്ലാത്തവര്‍ പഴയ ലൈസന്‍സിന്റെ പേരില്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിയമം മൂലം തടയേണ്ടതാണ്.ജിഎസ്ടി വന്നതിനെ തുടര്‍ന്നിള്ള നികുതി വര്‍ധനവും കശുവണ്ടി വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് 12ശതമാനം നികുതിയാണ് ഇതിലൂടെ അടക്കേണ്ടിവരുന്നത്. ഇതും കശുവണ്ടി വ്യവസായത്തിന് തിരിച്ചടിയാണ്. പ്രതിവര്‍ഷം 5000 കോടിയിലേറെ വിദേശനാണ്യം നേടിത്തരുന്ന കശുവണ്ടി വ്യവസായത്തിന് അര്‍ഹമായ പരിഗണന കേന്ദ്ര ബജറ്റില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കശുമാവ് കൃഷി ഒരു തോട്ട വിളയായി അംഗീകരിച്ച് തോട്ട വിളകള്‍ക്കുള്ള സംരക്ഷണം കശുമാവ് കൃഷിക്കു കൂടി ലഭ്യമാക്കണം. അതുമൂലം കൃഷിക്കാര്‍ക്ക് സഹായവും തൊഴിലാളികള്‍ക്ക് ജോലിയും ശമ്പളവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പക്‌സ് ചെയര്‍മാന്‍ കോല്ലായില്‍ സുദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it