ernakulam local

സുരക്ഷാ ക്രമീകരണം: സ്‌റ്റേഡിയത്തില്‍ സംഘാടകരുടെ തന്നിഷ്ടം

കൊച്ചി: കലൂര്‍ സ്റ്റേഡിയം പരിസരത്ത് ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ഇരട്ടി ദുരിതം. സംസ്ഥാന പോലിസ് സേനയ്‌ക്കൊപ്പം സ്വകാര്യ ഏജന്‍സിക്കാണ് ഐഎസ്എല്‍ സംഘാടകര്‍ സ്റ്റേഡിയത്തിന് പുറത്തുള്ള സുരക്ഷാക്രമീകരണങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. രാത്രി എട്ടിന് തുടങ്ങുന്ന മല്‍സരത്തിന് വൈകീട്ട് അഞ്ചോടെയാണ് ആരാധകരെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാര്‍ രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തി പ്രവേശനകവാടത്തില്‍ നിലയുറപ്പിക്കും. ഇന്നലെ രാവിലെ 10ന് ശേഷം മറ്റ് ആവശ്യങ്ങള്‍ക്കായി സ്റ്റേഡിയം കോംപ്ലക്‌സിലേക്ക് എത്തിയവരേയും സുരക്ഷാ സേന തടഞ്ഞു. ഇത് പലപ്പോഴും വാക്കേറ്റത്തിനും വഴി മാറി. ഇരു ചക്രവാഹനങ്ങള്‍ പോലും കടത്തിവിടില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പെടാതെ എറണാകുളം സൗത്ത് ഭാഗത്തേയ്ക്ക് സ്‌റ്റേഡിയം വഴി യാത്രക്കാര്‍ക്കു പോവാന്‍ കഴിയും. എന്നാല്‍ മല്‍സരമുള്ള ദിവസം രാവിലെ 10 മുതല്‍ ഇവര്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടം അടക്കുന്നതിനാല്‍ വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ആദ്യ മല്‍സരങ്ങളില്‍ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സ്റ്റേഡിയം പരിസരത്തേക്കുള്ള പ്രവേശനം തടഞ്ഞതെങ്കില്‍ ഇന്നലെ അത് രാവിലെ 10മുതല്‍ പ്രവേശനകവാടം അടച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളും ഇന്‍ഫോപാര്‍ക്ക് പോലുള്ള കമ്പനികളുമാണ് സ്റ്റേഡിയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. നൂറ് കണക്കിന് ജോലിക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടേയ്ക്ക് വരുന്നവരും പുത്തന്‍ പരിഷ്‌കാരങ്ങളില്‍ പെട്ട് വലയുകയാണ്. സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാര്‍ തന്നിഷ്ടം നടപ്പാക്കുമ്പോള്‍ പോലിസ് സേനയിലെ അംഗങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. ആദ്യ മല്‍സരങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം രണ്ട് മുതലാണെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത്തരത്തിലുള്ള അറിയിപ്പുകളുണ്ടായില്ല. മല്‍സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍  മുമ്പ് തന്നെ സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാര്‍ സുരക്ഷയുടെ പേരില്‍ ഗേറ്റിന് മുമ്പില്‍ തമ്പടിക്കുന്നതോടെ പോലിസുകാരും നിസ്സഹായരാവുകയാണ്. കഴിഞ്ഞ സീസണുകളിലൊന്നും ഇല്ലാത്ത തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ്  ഈ സീസണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ഞ ജേഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിന് റൗണ്ട് ചുറ്റുന്ന കളിപ്രേമികളുടെ മനോഹര ദൃശ്യങ്ങളും കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് പടിയിറങ്ങികഴിഞ്ഞു.
Next Story

RELATED STORIES

Share it