Flash News

സുരക്ഷാ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ല : അഗ്നിശമന സേനാ പ്രവര്‍ത്തനം ജീവന്‍ കൈയില്‍ പിടിച്ച്



ഹനീഫ എടക്കാട്

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള അത്യാധുനിക ഉപകരണങ്ങളുടെ അഭാവം അഗ്നിശമന സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ശ്വസനസഹായ ഉപകരണം, അഗ്നിപ്രതിരോധ വസ്ത്രങ്ങള്‍, വാക്കിടോക്കികള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ജീവനക്കാര്‍ക്ക് ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നഗര-അര്‍ധനഗര അഗ്നിശമന നിലയങ്ങളില്‍ ശ്വസനസഹായിയുടെ കുറവ് 82 ശതമാനമാണ്. അഗ്നിപ്രതിരോധ വസ്ത്രങ്ങളുടെ കുറവ് 91 ഉം വാക്കിടോക്കിയുടെ കുറവ് 83 ശതമാനവുമാണെന്ന് സിഎജി കണ്ടെത്തി. അഗ്നിപ്രതിരോധ വസ്ത്രങ്ങള്‍ മിക്കവര്‍ക്കും ഇല്ലെന്നു ചുരുക്കം. ഏരിയല്‍ പ്ലാറ്റ്‌ഫോം ലാഡര്‍ (എപിഎല്‍), ടേണ്‍ ടേബിള്‍ ലാഡര്‍ (ടിബിഎല്‍) എന്നിവയില്ലാത്തതു കാരണം നാലുനില കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. എറണാകുളത്തെ ഒരു കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തത്തില്‍  60 കോടിയുടെ നഷ്ടമുണ്ടായി. ഇതിനിടയാക്കിയത് ഏരിയല്‍ പ്ലാറ്റ്‌ഫോമും ടേണ്‍ ടേബിള്‍ ലാഡറുകളും ഇല്ലാത്തതാണ്. ഇതേത്തുടര്‍ന്ന് ഇത്തരം ഏണികള്‍ വാങ്ങാന്‍ വകുപ്പ് തീരുമാനിക്കുകയും ഫണ്ട് ലഭ്യമാക്കുകയും ചെയ്‌തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സാധിച്ചില്ല. അപകട മുനമ്പില്‍ കുതിച്ചെത്തുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യവും പരിതാപകരമാണ്. കാലപ്പഴക്കം ചെന്ന ഫയര്‍ ടെന്‍ഡറുകളും വാഹനങ്ങളുമാണ് വകുപ്പിനുള്ളത്. മാര്‍ഗനിര്‍ദേശമനുസരിച്ച് ഫയര്‍ഫോഴ്‌സ് വാഹനത്തിന്റെ കാലപരിധി 10 വര്‍ഷമോ അല്ലെങ്കില്‍ 5000 മണിക്കൂര്‍ ഉപയോഗമോ ആണ്. എന്നാല്‍, സേനയില്‍ ആകെയുള്ള 655 വാഹനങ്ങളില്‍ 43.66 ശതമാനം വാഹനവും 10 വര്‍ഷം കാലാവധി കഴിഞ്ഞവയാണ്. 61 വാഹനങ്ങളുടെ കാലാവധി 20 വര്‍ഷവും കഴിഞ്ഞിട്ടുണ്ട്. അഗ്നിശമന ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒറ്റത്തവണ ഗ്രാന്റായി ലഭിച്ച 22.50 കോടിയില്‍ 13.26 കോടി മാത്രമേ വകുപ്പ് ചെലവഴിച്ചിട്ടുള്ളൂ. ടെന്‍ഡര്‍ നടപടികളുടെ കാലതാമസം കാരണമാണ് ഉപകരണം വാങ്ങുന്നത് നീണ്ടുപോയത്. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കുറവ് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. അനുവദിച്ച അംഗസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌റ്റേഷന്‍ ഓഫിസര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍, ഫയര്‍മാന്‍, ലീഡിങ് ഫയര്‍മാന്‍, ഡ്രൈവര്‍, മെക്കാനിക്ക് തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാരുടെ എണ്ണത്തില്‍ 15 ശതമാനം കുറവും സിഎജി കണ്ടെത്തി. നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നിബന്ധനകള്‍ക്ക് അനുസൃതമായി പുതിയ കേരള അഗ്‌നിശമന സേനാ നിയമം പ്രാബല്യത്തില്‍ വരാത്തതും സേനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചട്ടങ്ങളും വ്യവസ്ഥകളും ഇല്ലാത്തതിനാല്‍ അഗ്നിസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നിയമ-ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു സേനയ്ക്കു കഴിയുന്നില്ല. ചട്ടങ്ങളുടെ അഭാവത്തില്‍ അതത് സമയം ഫയര്‍ഫോഴ്‌സ് മേധാവി പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നടപടികള്‍ എടുക്കുന്നത്. എന്നാല്‍, ഇത്തരം നടപടികള്‍ക്കോ സുരക്ഷാ പരിശോധനകള്‍ക്കോ യാതൊരു നിയമസാധുതയുമില്ലെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വന്‍കിട കെട്ടിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും നടപടിയെ കെട്ടിട ഉടമകള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയാണ്.
Next Story

RELATED STORIES

Share it