kannur local

സുരക്ഷാമാനദണ്ഡങ്ങള്‍ കടലാസില്‍; കരിങ്കല്‍ ക്വാറിയില്‍ അപകടഭീതി

പാനൂര്‍: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കരിങ്കല്‍ ക്വാറി അപകടഭീതിയുയര്‍ത്തുന്നു. പാനൂരിനു സമീപം പുത്തൂര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയാണ് പരിസരവാസികള്‍ക്കു ഭീഷണിയുയര്‍ത്തുന്നത്. ക്വാറിയിലെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന മാഗസിന്‍ നിര്‍മിച്ചിരിക്കുന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമാല്ലാതെയാണ്. 100 കിലോ വെടിമരുന്നും 4000 ഇലക്ട്രോണിക് ഡിറ്റൊണേറ്റര്‍, 1500 സേഫ്റ്റി ഫെയ്‌സ് തുടങ്ങിയ മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ സുക്ഷിക്കുന്ന മാഗസിനാണു ക്വാറിക്കടുത്തുള്ള കാട്ടില്‍ അലസമായി സ്ഥാപിച്ചിരിക്കുന്നത്. ഇതിനു സമീപത്തു നിന്നാണ് കുട്ടികള്‍കളിക്കുന്നതും മറ്റും. ക്വാറിയെ കുറിച്ച് പഠിക്കാനെത്തിയ ജില്ലാപരിസ്ഥിതി സമിതി ഇക്കാര്യം നേരില്‍ക്കണ്ട് ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. അഞ്ചുനില കെട്ടിടത്തെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള വെടിമരുന്നുകളാണ് യാതൊരു സുരക്ഷയുമില്ലാതെ അറകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതൊന്നുമറിയാതെയാണ്
കുട്ടികള്‍ അതിന് മുകളില്‍ കയറി കളിക്കുന്നത്. ഇതിനു പുറമെ, മാഗസിനു മുകളില്‍ തന്നെ സ്‌ഫോടക വസ്തുക്കളുടെ കവറുകളും തീപ്പെട്ടികളും അലസമായി വലിച്ചെറിഞ്ഞിട്ടുണ്ട്. കൗതുകത്തിന് തീപ്പെട്ടി ഉരസിയാല്‍ പോലും പ്രവചിക്കാനാകാത്ത ദുരന്തം സംഭവിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ കുട്ടികളെ ഉടനെ അവിടുന്ന് മാറ്റുകയായിരുന്നു.
എക്‌സ്‌പ്ലോസിവ് നിയമം 1967(അമന്റ്‌മെന്റ് 2008 ഷെഡ്യൂള്‍ 4) പ്രകാരം മാഗസിനുകള്‍ക്ക് 15 മീറ്റര്‍ ദൂരത്തില്‍ ചുറ്റിലും ശക്തമായ ഇരുമ്പ് വേലി സ്ഥാപിക്കണമെന്നുണ്ട്. മാത്രമല്ല, സ്‌ഫോടക വസ്തുക്കളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം ലഭ്യമാക്കുന്ന ബോര്‍ഡ് സ്ഥാപിക്കുക, വേലിക്കുള്ളില്‍ തീ പിടിക്കാതിരിക്കാന്‍ സസ്യങ്ങളോ കരിയല പോലും പാടില്ലെന്നും ചട്ടങ്ങളുണ്ട്.
എന്നാല്‍ പ്രസ്തുത ക്വാറിയില്‍ നിന്നു അഞ്ച് മീറ്റര്‍ മാത്രം ദൂരെയാണ് വേലികളോ അടച്ചുറപ്പുള്ള വാതിലോ ഇല്ലാതെ കാട്ടിനകത്ത് അലസമായി മാഗസിന്‍ നിര്‍മിച്ചിരിക്കുന്നത്. ആയതിനാല്‍ കരിങ്കല്‍ ക്വാറിയുടെ അനുമതി റദ്ദാക്കുകയും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ക്വാറി ഉടമക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി സമിതി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it