thiruvananthapuram local

സുരക്ഷാപാളിച്ച ഒഴിയാതെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രവര്‍ത്തനരഹിതമായ നിരീക്ഷണ കാമറകള്‍ പുനസ്ഥാപിക്കുന്നത് വൈകുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഒട്ടുമിക്ക നിരീക്ഷണ കാമറകളും പ്രവര്‍ത്തനരഹിതമാണ്. അതീവ സുരക്ഷ ഉറപ്പാക്കേണ്ട ഏഴ് പ്രധാന ബ്ലോക്കുകളിലെ തൊണ്ണൂറോളം കാമറകളില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമാവാന്‍ കാരണം. തടവുകാരില്‍ കാണുന്ന അനഭിലഷണീയമായ പ്രവണതകള്‍ നിരീക്ഷിക്കാനും ജയില്‍ ബ്ലോക്കുകളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ വേണ്ടിയാണ് കാമറകള്‍ സ്ഥാപിച്ചത്. ഇവ പ്രവര്‍ത്തനരഹിതമായതോടെ ജയിലിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ക്ക് ഒരു വിവരവുമില്ല.
അറ്റകുറ്റപ്പണികള്‍ക്കായി സിഡ്‌കോ എന്ന സ്ഥാപനവുമായി വാര്‍ഷിക പരിപാലന കരാര്‍ ഉടമ്പടി ഉണ്ടായിരുന്നു. കരാര്‍ പുതുക്കാന്‍ നടപടികള്‍ എടുക്കാതിരുന്നതാണ് കാമറകളുടെ നാശത്തിലേക്ക് വഴിവച്ചത്. എംഎല്‍എയായ പാറക്കല്‍ അബ്ദുല്ല കഴിഞ്ഞദിവസം ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിരുന്നു. പുതുതായി വാര്‍ഷിക പരിപാലന കരാര്‍ പുതുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമായ വകയില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാര്‍ഷിക പരിപാലന കരാര്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ അംഗീകൃത ടോട്ടല്‍ സൊല്യുഷന്‍ പ്രൊവൈഡര്‍മാരില്‍ നിന്നു ഇ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിച്ച ആര്‍ക്കും ടിഎസ്പി അംഗീകാരം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കാനായി കെല്‍ട്രോണില്‍ നിന്നു പ്രപ്പോസല്‍ ലഭ്യമാക്കി കരാര്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നിരവധി സുരക്ഷാ പാളിച്ചകളാണ് കഴിഞ്ഞ കുറേകാലങ്ങളായി ജയിലില്‍ നടന്നിട്ടുള്ളത്. തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും കണ്ടെടുത്ത സംഭവവും ഏറെ വിവാദമായിരുന്നു. തടവുപുള്ളികളെ നിരീക്ഷിക്കാന്‍ ആവശ്യമായ ജയി ല്‍ ജീവനക്കാരുടെ അഭാവവും പ്രകടമാണ്. 1259 തടവുകാരാണ് ജയിലിലുള്ളത്. 727 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്നിടത്താണ് ഇരട്ടിയോളം തടവുകാര്‍ കഴിയുന്നത്.
Next Story

RELATED STORIES

Share it