Flash News

സുരംഗയും കണ്ടല്‍ക്കാടും ലോക ടൂറിസം ഭൂപടത്തിലേക്ക്



കണ്ണൂര്‍: ആഗോള വിനോദസഞ്ചാര മേഖലയില്‍ അനുഭവവേദ്യ ടൂറിസത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ബിആര്‍ഡിസി നടപ്പാക്കുന്ന പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ഭരണാനുമതി ലഭിച്ചു. ഉത്തര മലബാറില്‍ നിലവിലുള്ളതും വിദേശ-ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് ആകര്‍ഷകമാവുന്നതുമായ പ്രത്യേകതകള്‍ കണ്ടെത്തി പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  സുരംഗകളാണ് പ്രചാരണത്തിന് ഉദ്ദേശിക്കുന്ന ഒരു വിഷയം. കാസര്‍കോട് ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് സുരംഗകള്‍ ജലവിഭവ വിദഗ്ധര്‍ക്ക് ഇന്നും അദ്ഭുതം തന്നെയാണ്. കടുത്ത വേനല്‍ക്കാലത്തുപോലും ജല ലഭ്യത നല്‍കുന്നതാണ് മനുഷ്യനിര്‍മിതമായ ഇത്തരം സുരംഗകള്‍. എന്നാല്‍, ഇവയെക്കുറിച്ച് വിദേശസഞ്ചാരികളില്‍ കാര്യമായ അറിവൊന്നുമില്ല. ഇത്തരം പ്രത്യേകതകള്‍ കണ്ടെത്തി അവയുടെ വീഡിയോ ബ്രോഷറുകള്‍ നിര്‍മിച്ചാണ് പ്രചാരണം നടത്തുക. ഉന്നത നിലവാരമുള്ള വീഡിയോ സാങ്കേതികവിദ്യയും വിവരസാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്തു നിര്‍മിക്കുന്ന ഓരോ വീഡിയോ ബ്രോഷറിന്റെയും പ്രധാന ആകര്‍ഷണം നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ചിത്രമായിരിക്കും. അനുബന്ധ വിവരങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു കൂട്ടിച്ചേര്‍ക്കുന്നതിനു പുറമെ ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ജിപിഎസും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ആപ്പും വെബ്‌സൈറ്റുകളും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഹൈബ്രിഡ് രീതി അടിസ്ഥാനമാക്കിയാണ് രൂപകല്‍പന. കളരിപ്പയറ്റിലെ വടക്കന്‍ കളരി സമ്പ്രദായമാണ് മറ്റൊരു പ്രധാന വിഷയം. ഇതിന്റെ പ്രത്യേകതകള്‍ പകര്‍ന്നുകൊടുക്കുന്നതോടൊപ്പം ബന്ധപ്പെട്ട സ്ഥാപനങ്ങളെയും സംരംഭകരെയും വിനോദസഞ്ചാര ഭൂപടത്തില്‍ എത്തിക്കുന്നുമുണ്ട്. പ്രാദേശിക ജൈവവൈവിധ്യം, ചെങ്കല്‍ നിര്‍മിതികള്‍, കണ്ടല്‍ക്കാട് തുടങ്ങി വിവിധ വിഷയങ്ങളും പദ്ധതിക്കായി പരിഗണിക്കപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കുറഞ്ഞ ചെലവില്‍ ലോകത്തുടനീളം ഇവ പ്രചരിപ്പിക്കാന്‍ ഡിജിറ്റല്‍ പ്രചാരണോപാധികള്‍ സഹായകമാവും. അനുഭവവേദ്യ ടൂറിസം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സഹായകരമാവുന്നതാണ് പദ്ധതി.
Next Story

RELATED STORIES

Share it