kasaragod local

സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടക്കുന്നത് രണ്ടാം തവണ



ബന്തടുക്ക: സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടക്കുന്നത് ഇത് രണ്ടാം തവണ. ഏഴ് മാസം മുമ്പ് ഇതേ പേരില്‍ കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയിലെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയിരുന്നു. അന്ന് ജ്വല്ലറിയില്‍ നിന്ന് അരക്കിലോ സ്വര്‍ണവും നാലര കിലോ വെള്ളിയുമായിരുന്നു നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബന്തടുക്കയില്‍ സ്ഥിതിചെയ്യുന്ന സുമംഗലി ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അകത്തുകയറി സെല്‍ഫ് തകര്‍ത്ത് 1.26 കിലോഗ്രാം സ്വര്‍ണവും നാലരകിലോ വെള്ളിയും 34,000 രൂപയും കവര്‍ന്നു. നേരത്തെ നടന്ന കവര്‍ച്ചയില്‍ ആദൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച സംഘത്തിന് ഒത്താശ ചെയ്ത ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. ഉത്തര്‍പ്രദേശിലെ സംഘമായിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നുവെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതില്‍ ജില്ലയിലെ സ്വര്‍ണ വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. അന്വേഷണം ഊര്‍ജിതപ്പെടുത്തുവെന്ന് പോലിസ് പറഞ്ഞിരുന്നുവെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണ, വെള്ളിയാഭാരണങ്ങള്‍ കണ്ടെത്തുവാനോ പ്രതികളെ അറസ്റ്റ് ചെയ്യുവാനോ പോലിസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കവര്‍ച്ച നടന്നത്. ബേഡകം പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് ഏഴ് മാസത്തിനിടയില്‍ രണ്ട് തവണ കവര്‍ച്ച നടന്നത്. മലയോര മേഖലയായ ഈ പ്രദേശത്ത് നടന്ന കവര്‍ച്ച ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it