സുഭാഷിനു മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

മരട്: കൊച്ചിയില്‍ മരട് എസ്‌ഐ പി ആര്‍ സന്തോഷിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത കുണ്ടന്നൂര്‍ കണക്കത്തറ വീട്ടില്‍ സുഭാഷി(35)നു മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ശരീരത്തില്‍ എട്ടോളം ഭാഗങ്ങളിലാണ് മര്‍ദ്ദനമേറ്റത്. നെഞ്ചിലും വയറിന്റെ വശത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. കൈമുട്ടിനു മുകളിലും താഴെയുമായി ചതവുകളുമുണ്ട്. ആത്മഹത്യ ചെയ്ത കയറിന്റെ പാടുകളല്ലാതെ കൈകൊണ്ട് കഴുത്തില്‍ ഞെരിക്കുമ്പോള്‍ ഉണ്ടാകുന്ന രക്തം കട്ടപിടിച്ച പാടുമുണ്ട്.
സുഭാഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പോലിസിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. സുഭാഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും വൈദ്യപരിശോധന നടത്തിയ ശേഷം കേസ് ചാര്‍ജ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു എന്നുമാണ് മരട് പോലിസ് ഇതുവരെ പറഞ്ഞിരുന്നത്. അതേസമയം, മര്‍ദ്ദിച്ചു എന്നു പറയുന്ന എസ്‌ഐ പി ആര്‍ സന്തോഷിനെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.
എസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മൃതദേഹവുമായി സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞ മാസം 26 ശനിയാഴ്ച രാത്രിയാണ് കാഴ്ചക്കുറവുള്ള സുഭാഷിനെ കസ്റ്റഡിയില്‍ എടുത്തത്. അന്നു രാത്രി തന്നെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, 27നു ഞായറാഴ്ച രാവിലെ സുഭാഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it