സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍

തൃശൂര്‍: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കോടതിയില്‍ എത്തിച്ച ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ രംഗത്ത്.
തൃശൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളം എക്‌സ്പ്രസ് ദിനപത്രത്തിന്റെ ചെയര്‍മാനായ ശേഷം ഇരുനൂറോളം പേരെ വഴിയാധാരമാക്കിയ വ്യക്തിയാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെന്ന് കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇ ശശികുമാര്‍, ഫെഡറേഷന്‍ എക്‌സ്പ്രസ് യൂനിറ്റ് സെക്രട്ടറി പി അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1999 സപ്തംബര്‍ 20നാണ് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എക്‌സ്പ്രസ് ലോക്കൗട്ട് ചെയ്തത്. നിയമബാധ്യതകള്‍ മറികടക്കാന്‍ 2000 മെയ് 11ന് സ്ഥാപനം തുറന്നുവെങ്കിലും സപ്തംബര്‍ മൂന്നിന് എക്‌സ്പ്രസ് പ്രസിദ്ധീകരണം നിര്‍ത്തി. തൊഴിലാളികളില്‍നിന്നു പിരിച്ചെടുത്ത പിഎഫ്, ഇഎസ്‌ഐ തുടങ്ങിയ വിഹിതങ്ങള്‍ അടയ്ക്കാതിരിക്കുകയും വന്‍ തുക ശമ്പള കുടിശ്ശിക വരുത്തുകയും ചെയ്തു. ജീവനക്കാരെ വഞ്ചിച്ച ഡോ. സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ നിയമനടപടിയുമായി മുന്നോട്ട്‌പോവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
1944ല്‍ കെ കൃഷ്ണന്‍ സ്ഥാപിച്ചതാണ് എക്‌സ്പ്രസ്. എല്ലാ ആസ്തിബാധ്യതകളോടും കൂടി 1993 ല്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി സ്ഥാപനത്തിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. തൊഴിലാളികളില്‍നിന്നു പിരിച്ചെടുത്ത പിഎഫ്, ഇഎസ്‌ഐ വിഹിതങ്ങള്‍ അടയ്ക്കാതിരിക്കുകയും വന്‍തുക ശമ്പള കുടിശ്ശിക വരുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ എക്‌സ്പ്രസ് യൂനിറ്റ് ലേബര്‍ കമ്മീഷണര്‍, പിഎഫ് കമ്മീഷണര്‍, ഇഎസ്‌ഐ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ഇതിന്മേല്‍ പിഎഫ്, ഇഎസ്‌ഐ അധികൃതര്‍ നിയമനടപടികള്‍ ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് 1999 സപ്തംബര്‍ 20ന് പ്രത്യേകിച്ചൊരു കാരണവും പറയാതെ സ്ഥാപനം ലോക്കൗട്ട് ചെയ്യുകയായിരുന്നു. നിയമബാധ്യതകള്‍ മറികടയ്ക്കാന്‍ 2000 മെയ് ഒന്നിന് തുറന്നെങ്കിലും സപ്തംബര്‍ മൂന്നിന് പ്രസിദ്ധീകരണം നിര്‍ത്തുകയാണുണ്ടായത്. ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനവും ലംഘിക്കപ്പെട്ടു.
ജോലി പോയതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മൂന്ന് ജീവനക്കാര്‍ ആത്മഹത്യ ചെയ്തു. ഇത്രയൊക്കെയായിട്ടും തമിഴ്‌നാട്ടിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ആര്‍ ചന്ദ്രലേഖ, തമിഴ്‌നാട് റിട്ട. ഡിജിപി രവീന്ദ്രന്‍, ജി പി സി നായര്‍ തുടങ്ങിയ ആജ്ഞാനുവര്‍ത്തികളെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ച് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാനാണ് സുബ്രഹ്മണ്യന്‍ സ്വാമി ശ്രമിച്ചത്.
Next Story

RELATED STORIES

Share it