kozhikode local

സുബ്രഹ്മണ്യന്റെ സ്ഥാനാര്‍ഥിത്വം: മഹിളാ കോണ്‍ഗ്രസ് നേതാവ് വീണ്ടും നിലപാട് മാറ്റി- 17 പേര്‍ രാജിവച്ചു

കൊയിലാണ്ടി: മണ്ഡലത്തില സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് വീണ്ടും നിലപാട് മാറ്റി. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജ റാണിയാണ് തന്റെ കഴിഞ്ഞ ദിവസത്തെ നിലപാട് മാറ്റി മലക്കംമറിഞ്ഞത്.
തുടര്‍ന്ന് അവരടക്കം 17 ഭാരവാഹികള്‍ കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും നേതൃത്വസ്ഥാനത്ത് നിന്നു രാജിവച്ചു. മണ്ഡലം ജന. സെക്രട്ടറി തങ്കമണി, സുമതി, ഷാജില, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരുണ്‍, മനോജ് കണ്ടോത്ത്, യു കെ രാജന്‍, പ്രസാദ്, ടി പി അനീഷ്‌കുമാര്‍, മിഥുന്‍ കാപ്പാട് തുടങ്ങിയവരാണ് രാജിവച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍ സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി സഹകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
എന്‍ സുബ്രഹ്മണ്യന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ശ്രീജറാണി ഡിസിസി ഓഫിസിനു മുന്നില്‍ ധര്‍ണയും കൊയിലാണ്ടിയില്‍ പോസ്റ്ററിങും പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്‍ സുബ്രഹ്മണ്യന്‍ പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും നിലപാട് മാറ്റുകയായിരുന്നു. നിലപാടിലെ മലക്കംമറിച്ചിലിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലെന്നാണ് അറിയുന്നത്.
ശ്രീജറാണി മുനിസിപ്പാലിറ്റിയില്‍ 17 ഡിവിഷനെ പ്രതിനിധീകരിക്കുകയാണ്. കൗണ്‍സിലര്‍ പദവി രാജിവയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it