kasaragod local

സുബൈദ വധക്കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ(60) സ്വര്‍ണത്തിനും പണത്തിനും വേണ്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. സുള്ള്യയിലെ അജ്ജാവര ഗുളുംബ ഹൗസിലെ പി അബ്ദുല്‍ അസീസാ (30)ണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ കര്‍ണാടക സുള്ള്യ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഭവം. കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായിരുന്നു.
അവിടെ വച്ച് ഭക്ഷണം കഴിക്കുകയും തുടര്‍ന്ന് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു മതിലിനടുത്ത് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് മതില്‍ ചാടി പോലിസിനെ തന്ത്രപൂര്‍വം കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കേസില്‍ കഴിഞ്ഞ ഏഴു മാസമായി കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ അസീസ് റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെയാണ് എആര്‍ ക്യാംപിലെ പോലിസ് അകമ്പടിയോടെ ഇയാളെ സുള്ള്യയിലേക്ക് കൊണ്ടു പോയിരിക്കുന്നത്. മൂത്ര മൊഴിക്കാനും ഭക്ഷണം കഴിക്കാനുമായി കൈയിലുണ്ടായ വിലങ്ങ് ഒഴിവാക്കിയതാണ് പ്രതിക്ക് രക്ഷപ്പെടാന്‍ സഹായകമായത്. എആര്‍ ക്യാംപിലെ പോലിസുകാരായ മഹേഷ്, ശരത് എന്നിവരാണ് പ്രതിയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്.
ഇവര്‍ സുള്ള്യ പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ വിവിധ പോലിസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ജനുവരി 17നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ അബ്ദുല്‍ അസീസും കൂട്ടു പ്രതികളും ചേര്‍ന്ന് കൊല പ്പെടുത്തിയത്. വൃദ്ധയുടെ അഞ്ച് പവന്‍ സ്വര്‍ണമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. രണ്ട് വളയും ഒരു ജോഡി കമ്മലും ഒരു മാലയുമാണ് ഇവര്‍ മോഷ്ടിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it