kasaragod local

സുബൈദ വധം: പ്രതികള്‍ പിടിയില്‍; അറസ്റ്റ് ഇന്ന്‌

പെരിയ: ആയംപാറ ചെക്കിപ്പാറയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ പോലിസ് പിടികൂടി. പ്രതികളുടെ അറസ്റ്റ് ഇന്ന് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തും. ചെക്കിപ്പാറയിലെ സുബൈദ(60)യെയാണ് കഴിഞ്ഞ 19ന് ഉച്ചയ്ക്ക് വീട്ടില്‍ കൊലപ്പെടുത്തി ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. പടഌ പെരിയ സ്വദേശികളായ മൂന്നുപേരാണ് പിടിയിലുള്ളത്. വെള്ളനിറമുള്ള കാറിലാണ് പ്രതികള്‍ എത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് വെളുത്ത കാറുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ആഭരണങ്ങള്‍ കൈക്കലാക്കി ഊടുവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു. സുബൈദയുടെ വീടിന്റെ താക്കോല്‍ ഒരു പുഴയില്‍ ഉപേക്ഷിച്ചതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സുബൈദയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തുമക്കളടക്കം നിരവധി പേര്‍ കഴിഞ്ഞ 17 മുതല്‍ 19 വരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് ബന്ധുവായ ഒരാള്‍ വീട്ടിലെത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. അടുക്കള ഭാഗത്തെ വാതില്‍ അകത്ത് നിന്നും മുന്‍ഭാഗത്തെ വാതില്‍ പുറത്തുനിന്നും പുട്ടിയ നിലയിലായിരുന്നു. വീട്ടുമുറ്റത്ത് വച്ച് സുബൈദയെ ഫോണില്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ഇതോടെ സംശയം തോന്നുകയും ബേക്കല്‍ പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലിസെത്തി അടുക്കള ഭാഗത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകടന്നപ്പോഴാണ് സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ധരിക്കുന്ന പര്‍ദ്ദ കീറി കൈകാലുകളും മുഖവും മൂക്കും വായയും കെട്ടി ചെരിഞ്ഞ് കിടന്ന നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ രണ്ട് ദിവസം മുമ്പാണ് കൊല നടത്തിയതെന്നാണ് സ്ഥിരീകരിച്ചത്. ഐജി മഹിപാല്‍ യാദവ്, ജില്ലാ പോലിസ് ചീഫ് കെ ജി സൈമണ്‍, ഡിവൈഎസ്പിമാരായ കെ ദാമോദരന്‍, പി അസിനാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം തയ്യാറാക്കി വച്ച നിലയിലും കാണപ്പെട്ടു. ഇതില്‍ ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തില്‍ പകുതി കുടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ കോളുകളുടെ പരിശോധന നടത്തിയാണ് പ്രതികളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. 17ന് വൈകിട്ട് മൂന്നിന് വീട്ടിലെത്തിയ കാറിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായകമായത്. അന്ന് 3.02ന് ഫോണിലേക്ക് വന്ന സര്‍വീസ് മെസേജ് നിര്‍ണായകമായ തെളിവായി. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ രാവിലെ കാസര്‍കോടിന് സമീപം വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്തിയതിന് പിന്നില്‍ കവര്‍ച്ച മാത്രമാണെന്നാണ് സംശയം.
Next Story

RELATED STORIES

Share it