സുബൈദ വധം: പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട്്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ജില്ലാ പോലിസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പ്രതികളുടെ അറസ്റ്റ് പുറത്തുവിട്ടത്. മധൂര്‍ പടഌകുഞ്ചാര്‍ കോട്ടക്കണ്ണിയിലെ കെ എം അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടു കര്‍ണാടക സ്വദേശികള്‍കൂടി അറസ്റ്റിലാവാനുണ്ടെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 12ഓടെയാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൈകാലുകള്‍ ബന്ധിച്ചു മുഖം വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരം അന്വേഷണച്ചുമതല ഡിവൈഎസ്പി കെ ദാമോദരനെ ഏല്‍പ്പിക്കുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണവുമാണ് ഘാതകരെ തിരിച്ചറിയാന്‍ പോലിസിനെ സഹായിച്ചത്. വാടകയ്ക്ക് ക്വാട്ടേഴ്‌സ് അന്വേഷിച്ചെത്തിയ സംഘം സുബൈദയെ സമീപിക്കുകയും തനിച്ചു താമസിക്കുകയാണെന്നു മനസ്സിലാക്കുകയുമായിരുന്നു. പിന്നീട് 24 മണിക്കൂര്‍കൊണ്ടു കൊലപാതകം ആസൂത്രണം ചെയ്തു. രണ്ടാമത്തെ ദിവസം പ്രതികള്‍ വീണ്ടും സുബൈദയുടെ വീട്ടിലെത്തിയപ്പോള്‍ ഇന്നലെ നിങ്ങള്‍ വന്നു പോയതല്ലേയെന്നു ചോദിച്ച സുബൈദയോട് ക്വാട്ടേഴ്‌സിന് വാടക കൂടുതലാണെന്ന് പറഞ്ഞു. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് നാരങ്ങാ വെള്ളവുമായെത്തിയ സുബൈദയുടെ പിന്നില്‍ നിന്നു പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നാരങ്ങാവെള്ളം നിറച്ച ഗ്ലാസുകളില്‍ പതിഞ്ഞ ഉമിനീരിന്റെ അംശവും മറ്റു തെളിവുകളും പരിശോധിച്ചതോടെയാണ് ഘാതകരെ കണ്ടെത്തിയത്. സുബൈദ ധരിച്ചിരുന്ന അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും സംഘത്തില്‍ നിന്നും കണ്ടെടുത്തു. ഘാതകര്‍ സഞ്ചരിച്ച രണ്ടു കാറുകളും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് തെളിവെടുപ്പിനു കൊണ്ടുപോവുമെന്നു പോലിസ് അറിയിച്ചു. അതേസമയം പിടിയിലാവാനുള്ള സുള്ള്യ സ്വദേശി അസീസ്, മറ്റൊരു പ്രതി തുടങ്ങിയ കര്‍ണാടക സ്വദേശികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനുവരി 17നാണ് സംഭവമെന്നാണു സംശയിക്കുന്നത്.
Next Story

RELATED STORIES

Share it