palakkad local

സുപ്രിം കോടതി ഉത്തരവ്; മില്‍മ ജീവനക്കാര്‍ക്ക് സമ്പൂര്‍ണ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കണം

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍ (പാലക്കാട്): കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്, ഫാക്ട് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പൂര്‍ണ തോതിലുള്ള പിഎഫ് പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സിംഗിള്‍ ബെഞ്ചില്‍ നിന്നും ഡിവിഷന്‍ ബെഞ്ചില്‍ നിന്നും അനുകൂലമായ ഉത്തരവ്.
പ്രൊവിഡന്റ് ഫണ്ട് നിയമ പ്രകാരം സമ്പൂര്‍ണ പെന്‍ഷന്‍ ലഭിക്കുന്നതിനായി 1995 മുതല്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ടായിരുന്നു. എന്നാല്‍ 2004 ല്‍ പിഎഫ് ഓര്‍ഗനൈസേഷന്‍ ഒരു ഉത്തരവിലൂടെ ഈ സൗകര്യം നിര്‍ത്തലാക്കുകയുണ്ടായി. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. സമ്പൂര്‍ണ പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി മൊത്തം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 8.33% പെന്‍ഷന്‍ ഫണ്ടിലേക്ക് ജീവനക്കര്‍ നല്‍കേണ്ടതുണ്ട്.
മൊത്തം അടിസ്ഥാന ശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും 12% വീതം തൊഴിലാളിയുടേയും തൊഴിലുടമയുടേയും വിഹിതമായി പിഎഫ് ഓര്‍ഗനൈസേഷനിലേക്ക് അയക്കുന്നുണ്ടെങ്കിലും ഈ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുക പരമാവധി 6500 എന്ന് പരിമിതപ്പെടുത്തി ആയതിന്റെ 8.33% മാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് പിഎഫ് ഓര്‍ഗനൈസേഷന്‍ വകകൊള്ളിക്കുന്നത്. ഈ കാരണത്താല്‍ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ വിരമിക്കുന്ന തിയ്യതിയിലെ ശമ്പളം 6500 രൂപയായി നിജപ്പെടുത്തി വളരെ തുച്ഛമായ പെന്‍ഷന്‍ മാത്രമേ ജീവനക്കാര്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ സമ്പൂര്‍ണ പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും പൂര്‍ണ്ണമായും എടുത്ത് ആയതിന്റെ 8.33% പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റുകയാണ് ചെയ്യുന്നത്. അതിനാല്‍ വിരമിക്കുമ്പോള്‍ ഉള്ള അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും പൂര്‍ണമായും കണക്കാക്കിയാണ് പെന്‍ഷന്‍ നിശ്ചയിക്കുന്നത്. അത് വളരെ ഉയര്‍ന്ന തുക ആയിരിക്കുകയും ചെയ്യും.
കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചിന്റേയും ഡിവിഷന്‍ ബഞ്ചിന്റേയും വിധി അനുസരിച്ച് സമ്പൂര്‍ണ പെന്‍ഷന്‍ ലഭിക്കുന്നതിനായി ജീവനക്കാര്‍ നല്‍കുന്ന ഓപ്ഷന്‍ അംഗീകരിച്ച് മൊത്തം അടിസ്ഥാന ശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും 8.33% പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനോട് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മില്‍മയിലെ ജീവനക്കാര്‍ മാനേജ്‌മെന്റ് വഴി ഓപ്ഷന്‍ ഫോം നല്‍കിയിരുന്നു എങ്കിലും കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പിഎഫ് ഓര്‍ഗനൈസേഷന്‍ സുപ്രിം കോടതിയില്‍ സ്‌പെഷല്‍ ലീവ് അപ്പീല്‍ ഫയല്‍ ചെയ്യുകയുണ്ടായി. ആയത് 2016 മാര്‍ച്ച് 31 ല്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് പ്രഫുല്ല സി പന്ത് എന്നിവരുടെ ബഞ്ച് പരിഗണിക്കുകയും പിഎഫ് ഓര്‍ഗനൈസേഷന്റെ വാദത്തില്‍ നിയമപരമോ നിലനില്‍ക്കാത്തതോ ആയ യാതൊരു വസ്തുതയും ഇല്ലെന്ന് കണ്ടെത്തുകയും ആയതിനാല്‍ സാപെഷ്യല്‍ ലീവ് പെറ്റീഷന്‍ തള്ളുകയും ഉണ്ടായി.
ഈ വിധിയിലൂടെ മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പി എഫ് ഓര്‍ഗനൈസേഷന്റെ സമ്പൂര്‍ണ പെന്‍ഷന്‍ ലഭിക്കും. മില്‍മ ജീവനക്കാര്‍ക്ക് വേണ്ടി സുപ്രിം കോടതിയിലെ പ്രമുഖ സീനിയര്‍ അഭിഭാഷകനായ ഡോ. കെ പി കൈലാസനാഥ പിള്ളയാണ് ഹാജരായത്.
Next Story

RELATED STORIES

Share it