സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: അസം പൗരത്വ അവകാശ കേസില്‍ പൗരത്വം തെളിയിക്കുന്നതിന് പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റിന്റെ സാധുത പുനസ്ഥാപിച്ച സുപ്രിംകോടതി ഉത്തരവ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു. 1977 മുതല്‍ ചില വര്‍ഗീയ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായി ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും മുസ്‌ലിംകളുമായ ലക്ഷക്കണക്കിന് അസമിലെ സ്ഥിരവാസികള്‍ക്ക് ബംഗ്ലാദേശികളെന്ന ചാപ്പകുത്തപ്പെടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാര്‍ ഇ അബൂബക്കര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിവിധ നിയമങ്ങളിലൂടെയും വിജ്ഞാപനങ്ങളിലൂടെയും സര്‍ക്കാര്‍ ഉത്തരവുകളിലൂടെയും വിവിധ സമയങ്ങളില്‍ സ്വന്തം പൗരത്വം തെളിയിക്കുന്നതിന് ദീര്‍ഘമായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ് അവര്‍. പൗരത്വം തെളിയിക്കേണ്ട ഭാരം ഇരകളുടെ മേല്‍ അര്‍പ്പിതമായിരിക്കുകയാണ്. 2017 ഡിസംബര്‍ 31നകം പൗരന്‍മാരുടെ ദേശീയ രജിസ്റ്ററിന്റെ (എന്‍ആര്‍സി) കരട് തയ്യാറാക്കാനും നവീകരിക്കാനും 2014 ഡിസംബര്‍ 17ന് സുപ്രിംകോടതി കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെയും വിശദാംശങ്ങള്‍ ഉള്‍കൊള്ളുന്ന രജിസ്റ്റര്‍ ആണ് എന്‍ആര്‍സി. 1951ലെ സെന്‍സസിനു പിന്നാലെ മുഴുവന്‍ വ്യക്തികളുടെയും പ്രത്യേകതകള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിന് എന്‍ആര്‍സി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അസമില്‍ സ്ഥിരതാമസക്കാരായ മുഴുവന്‍ പൗരന്‍മാരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്ന എന്‍ആര്‍സിയുടെ നവീകരണപ്രക്രിയ മൂന്നുവര്‍ഷമായി തുടരുകയാണ്. സര്‍ക്കാരിന്റെ 14 രേഖകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ക്ക് എന്‍ആര്‍സി രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുണ്ട്. പ്രാദേശിക പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് അതില്‍പെടുന്ന ഒന്നായിരുന്നു. 48 ലക്ഷത്തോളം പേര്‍ അധികൃതര്‍ക്ക് മുമ്പാകെ ഈ രേഖ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളും അതില്‍ പകുതിയോളം സ്ത്രീകളുമാണ്. അതിനിടെ ഫെബ്രുവരി 28നാണ് അധികൃതര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് അസാധുവാക്കി ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടത്. ഇരകള്‍ക്കു വേണ്ടി വിവിധ സംഘടനകള്‍ ഇതിനെ ചോദ്യം ചെയ്തു സുപ്രിംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ രഞ്ചന്‍ ഗൊഗോയി, റോഹിന്‍ട്ടന്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഗുവാഹത്തി ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിട്ടത്. കോടതി വിധി 47.09 ലക്ഷത്തോളം അപേക്ഷകര്‍ക്ക് ആശ്വാസകരമാവുമെന്ന് ഇ അബൂബക്കര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it