Flash News

സുപ്രിംകോടതി വിധി ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചു

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച സുപ്രിംകോടതിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്തുവെന്നും ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കിയെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
നിയമം ലഘൂകരിച്ച വിധി അധികാരപരിധി മറികടന്നുള്ള നിയമനിര്‍മാണമാണ്. വൈകാരികമായ ഒരു വിഷയത്തിലാണ് കോടതി ഇടപെട്ടത്. കോടതി ഉത്തരവ് നിയമത്തിന്റെ വീര്യം ചോര്‍ത്തി. അതിനാല്‍ ഈ വിധി പുനപ്പരിശോധിക്കണമെന്നും പുനപ്പരിശോധനാ ഹരജിയില്‍ പറയുന്നു. സുപ്രിംകോടതി വിധി രാജ്യത്ത് വിദ്വേഷവും ഭയവും സൃഷ്ടിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി.
മാര്‍ച്ച് 20നാണ് എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഇത്തരം പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും അറസ്റ്റിനു മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്നുമായിരുന്നു മാര്‍ഗനിര്‍ദേശം. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയരുകയും ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തുകയും ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിധി പുനപ്പരിശോധിക്കണമെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരായത്.
എന്നാല്‍, ആവശ്യം സുപ്രിംകോടതി ഏപ്രില്‍ മൂന്നിന് തള്ളുകയും പുനപ്പരിശോധനാ ഹരജി പരിഗണിക്കുന്നത് 10 ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ കേന്ദ്രം വീണ്ടും കോടതിയില്‍ തങ്ങളുടെ വാദമുഖങ്ങള്‍ എഴുതിത്തയ്യാറാക്കി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it