സുപ്രിംകോടതി വിധിയെ പിന്തുണച്ചും സമരത്തെ എതിര്‍ത്തും ജ. കെമാല്‍ പാഷ

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധിയെ പിന്തുണച്ചും സമരത്തെ എതിര്‍ത്തും ജസ്റ്റിസ് ബി കെമാല്‍ പാഷ. സുപ്രിംകോടതി വിധിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്നു പറഞ്ഞ അദ്ദേഹം, സമരത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലക്ഷ്യം വോട്ടുബാങ്കാണെന്നും കുറ്റപ്പെടുത്തി.
സുപ്രിംകോടതി വിധി തെറ്റാണെന്നു പറയാന്‍ സാധിക്കില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് ലിംഗവിവേചനമുണ്ടെന്ന പരാതി മുന്നിലെത്തിയാല്‍ ഇത്തരത്തിലല്ലാതെ മറ്റൊരു തീരുമാനമെടുക്കാന്‍ കോടതിക്കാവില്ല. സ്ത്രീകള്‍ സ്വയാര്‍ജിതമായി ഒരു നിയന്ത്രണം ഇക്കാര്യത്തില്‍ കൊണ്ടുവരുകയാണ് വേണ്ടത്. ശബരിമലയില്‍ പോവണോ വേണ്ടയോ എന്ന് ഭക്തരായ സ്ത്രീകള്‍ തന്നെ തീരുമാനിക്കണം. അവര്‍ ഭക്തരാണെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിച്ച് ശബരിമലയില്‍ പോവുന്നതില്‍ സ്വയമൊരു തീരുമാനത്തിലെത്താനാവും. അല്ലാതെ കോടതി വിധിക്കെതിരേ തെരുവിലേക്കു ബഹളത്തിനിറങ്ങുകയല്ല വേണ്ടത്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെല്ലാം കോടതിയലക്ഷ്യമാണ്. സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ പലരും പറയുന്നത് ശുദ്ധവിവരക്കേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രിംകോടതിയുടെ തീരുമാനം പെട്ടെന്നാണെന്നു പറയാനാവില്ല. വര്‍ഷങ്ങളോളം കേസില്‍ വാദം കേട്ടശേഷമാണ് വിധി പറഞ്ഞത്. ഭരണഘടനാപരമായ പ്രശ്‌നമുണ്ടെങ്കില്‍ സുപ്രിംകോടതി അത് നോക്കണം. രാജ്യത്ത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവയ്ക്കു പരിഹാരം കാണാതെ കോടതികളുടെ സമയവും പൊതുപണവും ഇത്തരം കേസുകള്‍ക്കായി ചെലവഴിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it