Idukki local

സുപ്രിംകോടതി നിയമം അറിയില്ലെന്ന് വിവരാവകാശ മറുപടി എസ്‌ഐക്കെതിരേ വകുപ്പ് തല നടപടി

തൊടുപുഴ: മോട്ടര്‍ വാഹന അപകടക്കേസുകളില്‍ പോലിസ് നേരിട്ട് രേഖകള്‍ ഹാജരാക്കണമെന്ന 1988ലെ സുപ്രിംകോടതി ഉത്തരവ് തനിക്കു ലഭിച്ചിട്ടില്ല എന്ന വിവരവകാശ മറുപടിയെ തുടര്‍ന്ന് എസ്‌ഐക്കെതിരേ വകുപ്പ് തല നടപടിയ്ക്ക് ശുപാര്‍ശ.അടിമാലി എസ്‌ഐ ആയിരുന്ന സി ആര്‍ പ്രമോദിനെതിരെയാണ് നടപടി വരുന്നത്.
സുപ്രിംകോടതി ഉത്തരവ് പ്രകാരം എല്ലാ വാഹനാപകട കേസുകളിലും ബന്ധപ്പെട്ട രേഖകള്‍ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ കോടതിയില്‍ ഹാജരാക്കണം. 2013ല്‍ അടിമാലി എസ്‌ഐ ആയിരുന്ന സി ആര്‍ പ്രമോദ് ഈ ഉത്തരവ് ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ടോം തോമസിന് നല്‍കിയത്.
ഇതോടെ അഡ്വ. ടോം തോമസ് ഈ വിവരം ചൂണ്ടിക്കാണിച്ച് സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാറിനെ സമീപിച്ചു. ഡിജിപി ഉടന്‍ തന്നെ സംസ്ഥാനത്തെ ജില്ലാ പോലിസ് മേധാവികളോട് ഈ സര്‍ക്കുലര്‍ പോലിസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാ ന്‍ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ പോലിസ് മേധാവി നല്‍കിയ റിപോര്‍ട്ടില്‍ പോലിസ് ഹെഡ് ക്വര്‍ട്ട്വേഴ്‌സില്‍ നിന്ന് 2008ല്‍ ലഭിച്ച സര്‍ക്കുലര്‍ അടിമാലി സിഐ, എസ്‌ഐ എന്നിവര്‍ക്ക് നല്‍കിയിട്ടുള്ളതാണെന്നു കണ്ടു.
ഇതേ തുടര്‍ന്നാണ് വിവരവകാശ മറുപടിയ്ക്ക് വസ്തുതകള്‍ അന്വേഷിക്കാതെ യഥാര്‍ഥ കാര്യങ്ങള്‍ മറച്ച് ഗുരുതരമായ വീഴ്ച വരുത്തിയതിനു വകുപ്പ് തല നടപടി സ്വീകരിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിയ്ക്കു ഡിജിപി നിര്‍ദേശം നല്‍കിയത്. നിര്‍ദേശത്തെ തുടര്‍ന്നു റേഞ്ച് ഐജി പ്രമോദിനോട് 15 ദിവസത്തിനുള്ളില്‍ വിശദികരണം നല്‍കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതേ തുടര്‍ന്ന് സുപ്രിംകോടതി ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ഹെഡ് ക്വര്‍ട്ടേഴ്‌സ് എസ് പി ഷെയ്ഖ് അന്‍വറുദ്ദീന്‍ സാഹിബിനു ഡിജിപി നിര്‍ദേശം നല്‍കി.
ഉത്തരവ് പ്രബല്യത്തില്‍ എത്തിക്കാനായാല്‍ പരിക്ക് പറ്റുന്നവര്‍ക്കും സാധാരണക്കാര്‍ക്കും കേസ് ഫയല്‍ ചെയ്യുന്നതിനു അഭിഭാഷകന്റെ ആവശ്യമില്ലെന്നു വിവരാവാകാശ പ്രവര്‍ത്തകനും അഡ്വക്കേറ്റുമായ ടോം തോമസ് പറയുന്നു.
Next Story

RELATED STORIES

Share it