Flash News

സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനംസമ്മിശ്ര പ്രതികരണവുമായി നിയമ വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാലു ജഡ്ജിമാര്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ അവതാളത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരസ്യ പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമ രംഗത്തുനിന്നുണ്ടായത് സമ്മിശ്ര പ്രതികരണങ്ങള്‍. ചീഫ് ജസ്റ്റിസിനെതിരേ പരസ്യ പ്രസ്താവന നടത്തിയ നാലു ജഡ്ജിമാരെയും കുറ്റവിചാരണ ചെയ്യണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു.
നാല് ജസ്റ്റിസുമാരെയും ഇംപീച്ച് ചെയ്യണമെന്ന് മുന്‍ ജസ്റ്റിസ് ആര്‍ എസ് സോധി പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിന് ഒരു കുഴപ്പവുമില്ലെന്നും ഇവിടെ പാര്‍ലമെന്റും കോടതികളും പോലിസും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുപ്രിംകോടതിയില്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസിന് മേല്‍ കരിനിഴല്‍ വീണിരിക്കുന്ന വളരെ ഗുരുതരമായ സംഭവമാണിത്. ചീഫ് ജസ്റ്റിസ് തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ ആരെങ്കിലുമൊക്കെ പ്രതികരിക്കണമെന്നും അതാണ് നാല് ജസ്റ്റിസുമാര്‍ ചെയ്തതെന്നും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത ഒന്നാണ് ചീഫ് ജസ്റ്റിസിനെതിരേ സുപ്രിംകോടതി ജഡ്ജിമാരുടെ പത്രസമ്മേളനം. ദേശീയ താല്‍പര്യത്തിന് പ്രധാന പരിഗണന നല്‍കുമ്പോള്‍ ഇത്തരം അസാധാരണ സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയാവേണ്ടി വരുമെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ ജൂഡീഷ്യറിയിലെ കറുത്ത ദിനമായിരുന്നു ഇന്നലെ, ഇനിമുതല്‍ സുപ്രിംകോടതിയുടെ എല്ലാ വിധിന്യായങ്ങളും സാധാരണക്കാരായ ജനങ്ങള്‍ സംശയത്തോടെയേ നോക്കൂ. എല്ലാ വിധികളും ചോദ്യം ചെയ്യപ്പെടുമെന്നും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു.
ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ചുകള്‍ രൂപീകരിക്കുകയും സ്വന്തം താല്‍പര്യപ്രകാരം കേസുകള്‍ ഓരോ ബെഞ്ചിനും കൈമാറുകയും ചെയ്യുന്നുവെന്നായിരുന്നു പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദവെയുടെ പ്രതികരണം.  സുപ്രിംകോടതിയില്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇന്നലത്തെ സംഭവം സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ജസ്റ്റിസുമാര്‍ മുന്നോട്ട് വരുക തന്നെ വേണമെന്ന് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് പി ബി സാവന്ത് പറഞ്ഞു.
ഇതൊരു ഭരണപരമായ പ്രശ്‌നമാണെന്നായിരുന്നു അഭിഭാഷകനും ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. ആരെയും കുറ്റപ്പെടുത്താനാവില്ല. തങ്ങളുടെ ജീവിതകാലം മുഴുവന്‍ നീതിന്യായ വ്യവസ്ഥിതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ഈ നാല് ജഡ്ജിമാരും. അതിനാല്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയില്‍ അനധികൃതമായി ഇടപെടുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വരുത്തിവച്ച പ്രതിസന്ധിയാണ് ഇതിന് പിന്നിലെന്നായിരുന്നു മലയാളിയായ സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്റെ പ്രതികരണം.
സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശങ്ക രേഖപ്പെടുത്തി. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അമിത ഇടപെടല്‍ അപകടകരമാണെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.
ജഡ്ജിമാരുടെ നീക്കത്തെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് പ്രശംസിച്ചു.
Next Story

RELATED STORIES

Share it