സുപ്രിംകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി; ഏക സിവില്‍കോഡ് നടപ്പാക്കാത്തതെന്ത്

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ട് സുപ്രിംകോടതി. വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് ആകെ അവ്യക്തതയാണുള്ളതെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വ്യത്യസ്ത മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ വ്യക്തി-കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന കാര്യത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി.  ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണോയെന്ന് ചോദിച്ച സുപ്രിംകോടതി ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാറിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ വളരെയേറെ സങ്കീര്‍ണതകളും ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.

എന്താണ് ഏക സിവില്‍കോഡിനു സംഭവിച്ചത്? എന്തുകൊണ്ടാണ് അതു പ്രയോഗത്തില്‍ കൊണ്ടുവന്ന് നിയമമാക്കാത്തതെന്നും കോടതി ചോദിച്ചു. മതാചാരങ്ങളുമായി ബന്ധപ്പെട്ട വിവിധ വ്യക്തിനിയമങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതു പരിഹരിക്കാന്‍ ഏകീകൃത സിവില്‍കോഡ് രൂപപ്പെടുത്താന്‍ തയ്യാറുണ്ടോയെന്ന് സോളിസിറ്റര്‍ ജനറലിനോട് കോടതി ആരാഞ്ഞു. ഇരുകക്ഷികളുടെയും സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്നതിന് ക്രിസ്ത്യന്‍ ദമ്പതികള്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്ന ഭേദഗതി ചോദ്യംചെയ്തു സമര്‍പ്പിച്ച സ്വകാര്യ ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി. നിലവിലുള്ള നിയമമനുസരിച്ച് പരസ്പര സമ്മതത്തോടെ അപേക്ഷ നല്‍കിയാലും ക്രിസ്ത്യന്‍ വിവാഹമോചനത്തിന് നിയമസാധുത ലഭിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കണം. ഹിന്ദു മാര്യേജ് ആക്റ്റ്, സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് തുടങ്ങിയ നിയമങ്ങള്‍ അനുസരിച്ച് വിവാഹമോചനത്തിന് ഒരുവര്‍ഷം കാത്തിരുന്നാല്‍ മതിയാവും.ഓരോ മതത്തിനും ഓരോ നിയമമെന്ന നിലവിലെ രീതി ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്.

നിയമത്തിന്റെ കാര്യത്തില്‍ മതപരിഗണന ശരിയല്ല. ഈ വിഷയത്തില്‍ മൂന്നുമാസം മുമ്പ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു നടപ്പായില്ല. എന്തുകൊണ്ടാണ് നടപ്പാക്കാന്‍ കഴിയാത്തത്? സര്‍ക്കാരിന് നടപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം അറിയിക്കൂവെന്നും കോടതി പറഞ്ഞു. വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ വ്യത്യസ്ത നിയമങ്ങള്‍ പിന്തുടരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാം ഒരു നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു.1980കളില്‍ ഏക സിവില്‍കോഡ്് നടപ്പാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ ഒന്ന് ഏക സിവില്‍കോഡ് നടപ്പാക്കും എന്നതായിരുന്നു.
Next Story

RELATED STORIES

Share it