സുപ്രിംകോടതിയെ സമീപിക്കുമെന്ന് ലീഗ്

കോഴിക്കോട്: മുത്ത്വലാഖ് നിയമത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുന്നതടക്കം ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുത്ത്വലാഖ് വിരുദ്ധതയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുസ്‌ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്ല് മൗലികാവകാശ ലംഘനവും സ്ത്രീകളുടെ സ്വാഭാവിക നീതിനിഷേധിക്കുന്നതുമാണ്. മുത്ത്വലാഖ് സുപ്രിംകോടതി തന്നെ നിരോധിച്ചതാണ്. ഇപ്പോള്‍ രാജ്യത്ത് മുത്ത്വലാഖിന് നിയമസാധുതയില്ല. തികച്ചും രാഷ്ട്രീയ പ്രേരിതമായ ബില്ല് നിയമമാവുമ്പോള്‍ മുത്ത്വലാഖ് ചൊല്ലിയെന്ന പരാതിയുടെ പേരില്‍ ജയിലില്‍ പോവുന്ന അവസ്ഥയാണുണ്ടാവുക. ആരെയും പോലിസിന് ക്രിമിനല്‍ കേസില്‍ പെടുത്താനാവുംവിധമാണ് കാര്യങ്ങള്‍. വൈരുധ്യങ്ങള്‍ നിറഞ്ഞ നിയമത്തില്‍ ചിലേടത്ത് വിവാഹബന്ധം വേര്‍പെടുത്താന്‍ തന്നെ പാടില്ല എന്നവിധമാണുള്ളത്. ഒരു നിയമം കൊണ്ടുവരുമ്പോള്‍ അതു ബാധിക്കുന്നവരുമായി സംസാരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണമായിരുന്നു. ഖുര്‍ആനെയും വിശ്വാസത്തെയുമൊക്കെ പരിഹസിക്കുംവിധമായിരുന്നു ബില്ലവതരണം. രാവിലെ ബില്ല് അവതരിപ്പിച്ച് വിപ്പ് നല്‍കി ഉച്ചയ്ക്ക് വോട്ടെടുപ്പ് എന്ന അസാധാരണ നടപടിയാണുണ്ടായത്. സബ്ജക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദേശംപോലും മുഖവിലയ്‌ക്കെടുത്തില്ല. ഇതാണ് ഫാഷിസം. അവരുടെ ആവനാഴിയില്‍ മറ്റു പലതും തയ്യാറാവുന്നുണ്ടെന്നതിന്റെ സൂചനയാണിത്. ക്രമേണ ഏക സവില്‍കോഡ് അടിച്ചേല്‍പ്പിച്ച് ബഹുസ്വരത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഈ ഫാഷിസത്തിനെതിരേ മതേതര ജനാധിപത്യ കക്ഷികളുമായി ചേര്‍ന്ന് യോജിച്ച നിയമ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it