സുപ്രിംകോടതിയുടെ ചരിത്രവിധിക്ക് പിന്നില്‍ 12 വര്‍ഷത്തെ നിയമപോരാട്ടം

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതിയുടെ ചരിത്രവിധിക്കു പിന്നില്‍ 12 വര്‍ഷത്തെ നിയമപോരാട്ടം. നൂറ്റാണ്ടുകള്‍ നീണ്ട കീഴ്‌വഴക്കമാണ് കോടതിവിധിയിലൂടെ മാറ്റിയെഴുതുന്നത്. നിലപാടുകള്‍ മാറിമറിഞ്ഞ ഈ നിയമപോരാട്ടത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭാഗമായി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് 2006ല്‍ ഭക്തി പശ്രിജ സേത്തിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2006 ആഗസ്ത് 18ന് കേസ് പരിഗണിച്ച സുപ്രിംകോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷിചേരാന്‍ 2007 ജൂലൈ 11ന് എന്‍എസ്എസിന് അനുമതി നല്‍കി. ഹരജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം 2007 സപ്തംബര്‍ 25ന് കോടതി അംഗീകരിച്ചു.
ശബരിമലയില്‍ എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 2007 നവംബര്‍ 13ന് സത്യവാങ്മൂലം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന എന്‍എസ്എസിന്റെ ആവശ്യം 2007 നവംബര്‍ 16ന് കോടതി അംഗീകരിച്ചു. 2008 മാര്‍ച്ച് 3ന് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2016 ജനുവരി 11ന് വീണ്ടും കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ആര്‍ പി ഗുപ്ത കോടതിയില്‍ ഹാജരായി. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി ചോദിച്ച് കോടതിയെ സമീപിച്ചു. 2007ലെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, സുപ്രിംകോടതി സീനിയര്‍ അഭിഭാഷകന്‍ രാമമൂര്‍ത്തിയെ അമിക്കസ്‌ക്യൂറി ആയി നിയമിച്ചു. സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നു ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2016 ഫെബ്രുവരി 5ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2016 ഫെബ്രുവരി 12ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചു.
സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ സുപ്രിംകോടതി കേസിലെ അമിക്കസ്‌ക്യൂറി ആയി നിയമിച്ചു. 2016 ഏപ്രില്‍ 11ന് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമുണ്ടായി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ മാറി. ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ പുതുതായി വന്നു. പുതിയ ബെഞ്ച് കേസില്‍ വിശദമായ വാദം കേട്ട് തുടങ്ങി. 2016 ഏപ്രില്‍ 13, 18, 22, മെയ് 2 എന്നീ തിയ്യതികളില്‍ മൂന്നംഗ ബെഞ്ച് കേസില്‍ വാദം കേട്ടു.
2016 ജൂലൈ 11ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്നു ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും മാറി. ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവര്‍ പുതുതായെത്തി. സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു തുടര്‍ന്ന് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരും കോടതിയെ ധരിപ്പിച്ചു. 2016 നവംബര്‍ 7ന് മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചു. 2017 ഫെബ്രുവരി 20ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് സി നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍ അംഗമായി. വാദത്തിനൊടുവില്‍ 2017 ഒക്ടോബര്‍ 13ന് ശബരിമലയില്‍ സ്ത്രീപ്രവേശനം ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിംകോടതി ഉത്തരവായി.2018 ജൂലൈ 17ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, റോഹിങ്ടന്‍ നരിമാന്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം ആരംഭിച്ചു. 2018 ജൂലൈ 18, 19, 24, 25, 26, 31, ആഗസ്ത് 1 തിയ്യതികളില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം നടന്നു. 2018 സപ്തംബര്‍ 28ന് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നു സുപ്രിംകോടതി ചരിത്രവിധി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it