Flash News

സുപ്രിംകോടതിയില്‍ വീണ്ടുംപൊട്ടിത്തെറി

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ അമിതാധികാര പ്രയോഗത്തിനും കേന്ദ്രസര്‍ക്കാരിന്റെ കൈകടത്തലിനുമെതിരേ മുതിര്‍ന്ന ജഡ്ജിമാരുടെ വിയോജിപ്പും രോഷപ്രകടനവും തുടരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ വാര്‍ത്താസമ്മേളനം വിളിച്ചവരില്‍പ്പെട്ട ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യന്‍ ജോസഫുമാണ് ഭിന്നത തുറന്നു പ്രകടിപ്പിച്ചത്.
ചീഫ് ജസ്റ്റിസിന്റെ അധികാരപരിധി ചോദ്യംചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ വിസമ്മതിച്ചു. 24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു ഉത്തരവ് കൂടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് റദ്ദാക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ നടപടി. നേത്തെ, ചീഫ് ജസ്റ്റിസ്  അടക്കം ആരോപണവിധേയനായ യുപിയിലെ മെഡിക്കല്‍ കോഴക്കേസ് ഭരണഘടനാ ബെഞ്ചിനു വിട്ട ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് മണിക്കൂറുകള്‍ക്കകം ചീഫ് ജസ്റ്റിസിന്റെ  ബെഞ്ച് റദ്ദാക്കിയിരുന്നു.
ചീഫ് ജസ്റ്റിസിന്റെ അധികാരപദവി വ്യാഖ്യാനിക്കണമെന്നും  അധികാരദുര്‍വിനിയോഗം നടത്തിയോയെന്ന് പരിശോധിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ശാന്തിഭൂഷണ്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നത്. ശാന്തിഭൂഷനു വേണ്ടി  മകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനാണ് ഇന്നലെ ഹരജി ഉന്നയിച്ചത്. എന്നാല്‍, കേസ് പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു ചെലമേശ്വര്‍ വ്യക്തമാക്കി. ഞാന്‍ പുറപ്പെടുവിച്ച ഒരു ഉത്തരവ് 24 മണിക്കൂറിനുള്ളില്‍ വേറൊരു ബെഞ്ച് ഇനിയും റദ്ദാക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. വിരമിച്ചതിനുശേഷം സ്ഥാനമാനങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചാരണം എനിക്കെതിരേ നടക്കുന്നുണ്ട്. രാജ്യം തന്നെ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കട്ടെയെന്നും ജ. ചെലമേശ്വര്‍ പറഞ്ഞു.
ഇതോടെ, പ്രശാന്ത് ഈ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ ഉന്നയിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ച  അദ്ദഹേം ഇത് പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ചു. പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് ബുധനാഴ്ച സമാനമായ മറ്റൊരു ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it