സുപ്രിംകോടതിയില്‍ മൈക്ക് സിസ്റ്റം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഹരജി

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ ബെഞ്ചില്‍ മൈക്ക് സിസ്റ്റം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ഒരു നിയമ വിദ്യാര്‍ഥിയും രണ്ടു യുവ അഭിഭാഷകരുമാണ് ഇതു സംബന്ധിച്ച ഹരജി നല്‍കിയിരിക്കുന്നത്. ഓരോ കോടതിമുറിയിലും പ്രത്യേകം മാറ്റിവച്ച സ്ഥലത്തുനിന്ന് മാത്രമേ അഭിഭാഷകരെ വാദിക്കാന്‍ അനുവദിക്കാവൂ എന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
മാധ്യമസ്വാതന്ത്ര്യ സംരക്ഷണത്തിനായി സുപ്രിംകോടതിയില്‍ മൈക്ക് സിസ്റ്റം സ്ഥാപിക്കണമെന്ന് നേരത്തെത്തന്നെ തങ്ങള്‍ മറ്റൊരു കേസില്‍ കക്ഷിചേര്‍ന്ന സമയത്ത് ആവശ്യമുയര്‍ത്തിയതാണെന്നും ഹരജിക്കാരായ കപില്‍ദീപ് അഗര്‍വാള്‍, കുമാര്‍ ഷാനു, പരസ് ജയിന്‍ എന്നിവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) എ പ്രകാരം പരമോന്നത കോടതിയിലെ നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപോര്‍ട്ട് ചെയ്യാനും അന്യായക്കാരനും നിയമ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്കും കോടതി നടപടികള്‍ അറിയാന്‍ അവകാശമുണ്ടെന്നും ഹരജിയില്‍ പറയുന്നു.
മൈക്ക് സിസ്റ്റം ഇല്ലാത്തതും ജനത്തിരക്കും കാരണം സുപ്രിംകോടതിയില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്ക് കോടതി നടപടികള്‍ ഗ്രഹിക്കാന്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. ഈ പ്രയാസം കോടതിയില്‍ ഹാജരാകുന്ന അന്യായക്കാര്‍ക്കും നേരിടുന്നുണ്ടെന്നും അവര്‍ക്ക് ഒന്നും കാണാനോ കേള്‍ക്കാനോ സാധിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ചീഫ്ജസ്റ്റിസ് മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ സമയത്ത് പത്രപ്രവര്‍ത്തകര്‍ ഇക്കാര്യം ചീഫ്ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. ശരിയായ വാര്‍ത്ത നല്‍കാന്‍ മൈക്ക് സിസ്റ്റം സ്ഥാപിക്കുന്നത് സഹായകമാവുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it