സുപ്രിംകോടതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണവുമായി സഹകരിക്കാത്ത കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയില്‍ സുപ്രിംകോടതിക്ക് അതൃപ്തി. സുപ്രിംകോടതി നിയോഗിച്ച സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കത്തുകളോട് പ്രതികരിക്കുക പോലും ചെയ്യാത്ത പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയാണു കോടതിയുടെ അതൃപ്തിക്കു കാരണമായത്. കരസേനയും അസം റൈഫിള്‍സും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും നിയമവിരുദ്ധമായ കൊലപാതകങ്ങളെയും കുറിച്ച് അന്വേഷിക്കാനാണ് സംഘത്തെ നിയമിച്ചത്.
ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ സിബിഐ—ക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനിന്ദര്‍ സിങാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിസ്സഹകരണം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മന്ത്രാലയത്തിന്റെ സഹകരണം ഉറപ്പുവരുത്തിയാലെ വിഷയം എടുക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും അന്വേഷണത്തിന് ആവശ്യമായ രേഖകളുടെ പട്ടിക നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ ലഭ്യമല്ലെങ്കില്‍ അതിനൊരു വിശദീകരണമെങ്കിലും തരണമെന്നും ആവശ്യപ്പെട്ടിട്ടും അവര്‍ ഇതു വരെ നല്‍കിയിട്ടില്ലെന്നും മനീന്ദര്‍ സിങ് അറിയിച്ചു. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെങ്കില്‍ തങ്ങള്‍ക്ക് ഇവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ടെന്നു ബെഞ്ച് വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘം ഫയല്‍ ചെയ്ത അഞ്ചാംനമ്പര്‍ തല്‍സ്ഥിതി റിപോര്‍ട്ട് തങ്ങളും കണ്ടെന്നും മന്ത്രാലയത്തിന് അന്വേഷണ സംഘം അയച്ച കത്തുകളോട്് പ്രതികരിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയം പ്രത്യേക അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതോടെ, കേസ് ജൂലൈ രണ്ടിനു പരിഗണിക്കാനായി കോടതി മാറ്റിവച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട കേസുകളും ഗുവാഹത്തി ഹൈക്കോടതി കണ്ടെത്തിയ ജുഡീഷ്യല്‍ അന്വേഷണങ്ങളും ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കണമെന്നു സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it