Fortnightly

സുന്നി-ശീഈ സമന്വയ ചിന്തകള്‍

മുനവ്വിര്‍ കൊടിയത്തൂര്‍




ഹിജ്‌റ വര്‍ഷം 15-ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിട്ട് 36 വര്‍ഷങ്ങള്‍ കടന്നുപോയി. ഒരുപാട് സ്മരണകള്‍ സമ്മാനിക്കുന്ന മുഹര്‍റം പ്രതീക്ഷയാണ്, പ്രത്യാശയാണ്. മുഹര്‍റം ഐതിഹാസികമായ നിരവധി സാമ്രാജ്യത്വ-അടിമത്തവിരുദ്ധ പോരാട്ടങ്ങളാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. സഹസ്രാബ്ദങ്ങളായി ഇസ്രയേല്‍ ജനത അനുഭവിച്ച അടിമത്വത്തില്‍നിന്നും മൂസാ പ്രവാചകന്‍ അവരെ വിമോചിപ്പിച്ചു. വിമോചനത്തിന്റെ രാജപാത തെളിയിച്ചുകൊടുത്ത മുഹമ്മദ് നബിയുടെ പലായനവും ഉമവീ ഭരണാധികാരിയായ യസീദിന്റെ ദുര്‍ഭരണത്തിനെതിരില്‍ ഇമാം ഹുസൈന്‍ നടത്തിയ പോരാട്ടവും കര്‍ബലയിലെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്തവുമാണ് മുഹര്‍റം ഓര്‍മ്മപ്പെടുത്തുന്ന മറ്റു പ്രധാന സംഭവങ്ങള്‍. ഭിന്നിപ്പിന്റെ തുടക്കംഇസ്‌ലാമിക ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറിയ സന്നിഗ്ദ്ധ ഘട്ടത്തിലാണ് സുന്നീ-ശീഈ വിയോജിപ്പ് മുസ്‌ലിം ലോകത്ത് ആവിര്‍ഭവിച്ചത്. ഖുലഫാഉര്‍റാശിദയുടെ ആദ്യത്തില്‍ ഉമ്മത്ത് കാണിച്ച അച്ചടക്കവും അനുസരണയും നീതിനിഷ്ഠയും സത്യസന്ധതയും ഹസ്രത്ത് ഉസ്മാന്റെ ഖിലാഫത്തോടെ ക്ഷയിക്കുന്നതായാണ് നാം കാണുന്നത്. പ്രവാചകന്റെ വിയോഗാനന്തരം നടന്ന കൂടിയാലോചനകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ധാരണ നേതൃത്വം ഖുറൈശികളില്‍നിന്നാകണമെന്നതായിരുന്നു. തീര്‍ത്തും വ്യത്യസ്തമായ വിശ്വാസമാണ് ഇമാമത്ത് അഥവാ ഖിലാഫത്ത് നബികുടുംബത്തില്‍നിന്നുതന്നെയാകണമെന്നത്. നബിയുടെ പിന്‍ഗാമിയായി ഹസ്രത്ത് അലിയെയാണ് നബി സൂചിപ്പിച്ചിരുന്നതെന്നാണ് പല സംഭവങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ശീഈ വിഭാഗം സമര്‍ത്ഥിച്ചുകൊണ്ടിരുന്നത്. ഈയൊരു പക്ഷംപിടിക്കല്‍ ഉസ്മാന്റെ ഭരണകാലഘട്ടത്തോടെ മറ നീക്കി പുറത്തുവരികയുണ്ടായി. ഈയൊരു പക്ഷം പിടിക്കല്‍തന്നെയാണ് ശീഅത്തു അലി പില്‍ക്കാലത്ത് ശീഈ വിഭാഗമായി രൂപപ്പെടുന്നതിന് കാരണമായത്.ഉസ്മാന്റെ വധത്തോടെ ഉടലെടുത്ത അധികാരത്തര്‍ക്കം ഭിന്നിപ്പിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. ജമല്‍ യുദ്ധം, സിഫ്ഫീന്‍ യുദ്ധം, നഹ്‌റുവാന്‍ യുദ്ധം എന്നിവയ്ക്കുശേഷം അലി ഖലീഫയാണെന്നു വാദിക്കുന്ന വിഭാഗം വ്യവസ്ഥാപിത സിദ്ധാന്തങ്ങളോടെ ഒരു പാര്‍ട്ടിയായി രൂപം കൊള്ളുന്നതാണ് നാം കാണുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ശീഇസത്തിന്റെ സൈദ്ധാന്തികതലം ശക്തമാവുന്നത്. ഇമാമിന്റെ തിരഞ്ഞെടുപ്പ് ജനങ്ങളല്ല തീരുമാനിക്കേണ്ടത്, ഇമാം പാപസുരക്ഷിതനാണ്, പ്രവാചകനുശേഷം ഇമാമത്തിന്റെ അവകാശി അലി ആയിരുന്നു തുടങ്ങിയവയാണ് ശീഈ ധാരയുടെ പ്രമാണങ്ങള്‍. ഖിലാഫത്തിന്റെ കാര്യത്തില്‍ അലി, മുആവിയ എന്നിവര്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങളും മത്സരങ്ങളും ശീഈ വിഭാഗത്തിന് ശക്തിയും പ്രചരണവും ലഭിക്കാന്‍ കാരണമായി. ഹുസൈന്റെ രക്തസാക്ഷിത്വം ഈയൊരു പിളര്‍പ്പിന്ന് പൂര്‍ണ്ണത കൈവരുത്തുകയും ചെയ്തു.അലിയും മുആവിയയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും മധ്യസ്ഥ ശ്രമത്തില്‍ അലി വഞ്ചിക്കപ്പെടുകയും ചെയ്ത പശ്ചാത്തലം പരിശോധിച്ചാല്‍ ശീഈ വിഭാഗത്തെ പ്രകോപിതരാക്കാനും ഒരു കക്ഷി എന്ന നിലയില്‍ ശക്തമായി നിലകൊള്ളാനും കാരണക്കാരായത് നബിയുടെ കാലം മുതല്‍ ബഹുമാനാദരവുകള്‍ നല്‍കപ്പെട്ട വ്യക്തികള്‍തന്നെയായിരുന്നു എന്ന് കാണാം. ഏറെ സങ്കടകരമായ ഒരു അനുഭവമായിരുന്നു അത്. ചരിത്രമിങ്ങനെ; തന്റെ പ്രതിനിധിയായി ജനങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അലി, അബൂമൂസല്‍ അശ്അരിയെയും മുആവിയ തന്ത്രശാലിയായ അംറുബ്‌നു ആസ്വിനെയും നിയമിച്ചു. ഖിലാഫത്ത് പ്രശ്‌നത്തിന്റെ പരിഹാരത്തിനായി രണ്ടു പേരെയും മാറ്റിനിര്‍ത്തി ജനങ്ങള്‍ നേതാവിനെ തിരഞ്ഞെടുക്കട്ടെയെന്ന മധ്യസ്ഥ തീരുമാനപ്രകാരം അബൂമുസല്‍ അശ്അരി അലിയെയും മുആവിയയെയും സ്ഥാനഭ്രഷ്ടരായി പ്രഖ്യാപിച്ചു. നിങ്ങള്‍ കേട്ടത് ശരിയാണെങ്കില്‍, അബൂമൂസല്‍ അശ്അരി തന്റെ കക്ഷിയായ അലിയെ പിന്‍വലിച്ച സ്ഥിതിക്ക് ഞാനും അലിയെ പിന്‍വലിക്കുകയും തല്‍സ്ഥാനത്ത് മുആവിയയെ നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നുവെന്ന് ഉടനെ അംറുബ്‌നുല്‍ ആസ്വ് പ്രഖ്യാപിച്ചു. ഇത് കടുത്ത അനീതിയും വഞ്ചനയുമായിരുന്നു. മുആവിയയാണ് ഖിലാഫത്തിനു പകരം രാജാധിപത്യത്തിനു തുടക്കമിടുന്നത്. മകന്‍ യസീദിനെ സുന്നികളും ശിയാക്കളും ഒരുപോലെ വെറുക്കുന്നു. ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നും തീര്‍ത്തും വ്യതിചലിച്ച് രാജവാഴ്ച പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കുകയായിരുന്നു യസീദ്. തന്റെ ഗവര്‍ണ്ണര്‍മാരായിരുന്ന ഇബ്‌നു സിയാദും ഹജ്ജാജുബ്‌നു യൂസുഫും ഇക്കാര്യത്തില്‍ യസീദിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹായിച്ചു. ഇറാഖിലെ ജനങ്ങളുടെ ക്ഷണപ്രകാരം യസീദിന്റെ ഭരണം അവസാനിപ്പിക്കുന്നതിന് അവര്‍ക്ക് നേതൃത്വം നല്‍കാനായി പുറപ്പെട്ട ഇമാം ഹുസൈനെയും 72 അംഗങ്ങളടങ്ങുന്ന അനുയായിവൃന്ദത്തെയും 4000 വരുന്ന യസീദിന്റെ സൈന്യം നിഷ്‌കരുണം കൂട്ടക്കൊല ചെയ്തു. നബികുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തുകയും ദാഹജലംപോലും നല്‍കാതെ നബിയുടെ പൗത്രനെ ശിരഛേദം ചെയ്ത് നൃത്തമാടുകയും ചെയ്ത നടപടിയോട് ചരിത്രത്തിലാരുംതന്നെ യോജിക്കുകയുണ്ടായില്ല. കര്‍ബല മുസ്‌ലിം ജനസമൂഹത്തിന്റെ നെഞ്ചില്‍ നൊമ്പരമായി അവശേഷിക്കുകയും ചെയ്തു. ഇസ്‌ലാമിക നവജാഗരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും പ്രചോദനകേന്ദ്രമായി കര്‍ബല മാറുകയും ചെയ്തു. അല്ലാമാ ഇഖ്ബാല്‍ പറഞ്ഞു: ഓരോ കര്‍ബലക്കു ശേഷവും ഇസ്‌ലാം ജീവിച്ചുകൊണ്ടിരിക്കുന്നു.”മുഹര്‍റം പത്ത് ശീഈ വിശ്വാസികള്‍ക്ക് ദുഃഖത്തിന്റെയും സങ്കടത്തിന്റെയും ദിനമാണ്. കറുത്ത വസ്ത്രമണിഞ്ഞും വിലപിച്ചും ഈ ചരിത്ര സംഭവത്തെ അവര്‍ അനുസ്മരിക്കുന്നു.ശിയാക്കളല്ലാത്തവരില്‍ ഒരു വലിയ വിഭാഗം അഹ്‌ലുസ്സുന്നത്തു വല്‍ ജമാഅ എന്ന പേരില്‍ നിലകൊണ്ടു. രാജഭരണമായിരുന്നുവെങ്കിലും അമവീ, അബ്ബാസീ രാജാക്കന്മാര്‍ വിശ്വാസികളുടെ നേതാവും ഖലീഫയുമാണ് തങ്ങളെന്ന് അവകാശപ്പെട്ടു. അവസാനം ഉസ്മാനിയാ ഖിലാഫത്തെന്ന പേരില്‍ 1924 വരെ തുര്‍ക്കി കേന്ദ്രീകരിച്ച് അത് നിലനിന്നു. ഒന്നാം ലോകയുദ്ധത്തോടെ നാമമാത്രമായ ഈ ഖിലാഫത്തും അവസാനിച്ചു. ലോകത്ത് മുസ്‌ലിം രാജ്യങ്ങളായി അറിയപ്പെട്ട കുറേ ഭൂപ്രദേശങ്ങള്‍ നിലവില്‍ വന്നു. കൊളോണിയല്‍ രാജ്യങ്ങള്‍ അവരുടെ ദാസന്മാരായ കുറെ രാജാക്കന്മാരെയും സൃഷ്ടിച്ചെടുത്തു. ഇന്ന് ലോകത്ത് നാല്‍പതിലധികം മുസ്‌ലിം രാജ്യങ്ങളുണ്ട്.സമന്വയം: സാധ്യതകള്‍ വെല്ലുവിളികള്‍ശീഈ സമൂഹത്തെ എങ്ങനെ മുസ്‌ലിംകളായംഗീകരിക്കും എന്ന് ചോദിക്കുന്നവരായി മുസ്‌ലിം സമൂഹത്തില്‍ പലരുമുണ്ട്. എന്നാല്‍ സുന്നീലോകത്തും ശീഈ സമൂഹത്തിലേതുപോലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വെച്ചുപുലര്‍ത്തുന്നവരില്ലേ? രണ്ടു വിഭാഗങ്ങളിലും അതി തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നവരെയും പ്രത്യക്ഷത്തില്‍തന്നെ ഇസ്‌ലാമില്‍നിന്നും വ്യതിചലിച്ചവരെന്ന് പറയാവുന്നവരെയും കാണാവുന്നതാണ്. അതിനാല്‍ ഈ പോരായ്മകള്‍ നിലനില്‍ക്കെതന്നെ ലോക മുസ്‌ലിംകള്‍ എന്ന പൊതു ബോധത്തില്‍നിന്നുകൊണ്ട് വെല്ലുവിളികളെ നേരിടാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ലോകതലത്തില്‍ അറബ് ലീഗും, ദേശീയവും പ്രാദേശികവുമായ തലങ്ങളില്‍ അതതിടങ്ങളിലുള്ള കൂട്ടായ്മകളിലും ശീഈ-സുന്നീ സൗഹൃദം നിലനിര്‍ത്താന്‍ സാധിക്കേണ്ടതുണ്ട്. ശീഈ വിഭാഗത്തിന് സുന്നികളെയോ സുന്നികള്‍ക്ക് ശിയാക്കളെയോ ഇസ്‌ലാമില്‍നിന്നു പുറത്താക്കാന്‍ അധികാരമില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.ഇസ്‌ലാമിക കര്‍മ്മശാസ്ത്ര മേഖലയിലും മദ്ഹബിന്റെ രൂപീകരണത്തിലും നമുക്കു ഒഴിച്ചുകൂടാന്‍ പറ്റാത്ത നാമമാണ് ഇമാം ജഅഫറുബ്‌നു സ്വാദിഖിന്റേത്. സുന്നിലോകത്ത് പ്രചുരപ്രചാരം നേടിയ ഹനഫി, ശാഫി, ഹന്‍ബലി, മാലികി എന്നിവപോലെ ഒന്നുതന്നെയാണ് ജഅ്ഫരി മദ്ഹബ്. എല്ലാ മദ്ഹബിന്റെ ഇമാമുകളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നപോലെ ഇമാം ജഅ്ഫര്‍ സ്വാദിഖിനെയും മുസ്്‌ലിം ലോകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഹിജ്‌റ വര്‍ഷം 1437 അടുത്തു വരുമ്പോള്‍ മുസ്‌ലിം ലോകം സംഘര്‍ഷഭരിതമാണ്. പലേടങ്ങളിലും ജനകീയ പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭവുമാണിത്. ലോക മുസ്‌ലിംകളെ പ്രധാനമായും രണ്ടായി പകുത്തു നിര്‍ത്തുന്ന സുന്നീ-ശീഈ ഭിന്നതയുടെ ആഴം അല്‍പമെങ്കിലും കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമോ എന്ന ചര്‍ച്ചക്ക് ഇത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ടുതന്നെയായാലും മുസ്‌ലിം സമാജം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ ഒരുമിച്ച് നേരിടാനാവുമോ? പ്രാദേശിക ദേശീയ -ദേശാന്തരീയ തലങ്ങളില്‍ സൗഹൃദവും സഹവര്‍ത്തിത്തവും നിലനിര്‍ത്താന്‍ നമുക്കാവേണ്ടതുണ്ട്. വിശ്വാസ-ആദര്‍ശ കാര്യങ്ങളിലുള്ള വീക്ഷണ വൈജാത്യങ്ങള്‍ ഇരു വിഭാഗത്തിലുമുള്ള പണ്ഡിതന്‍മാര്‍ക്കു വിട്ടുകൊണ്ട് മുസ്്‌ലിം ഉമ്മത്തിന്റെ ശാക്തീകരണത്തിനായി കൈകോര്‍ക്കണമെന്നാണ് കാലം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ കേരളത്തില്‍പോലും ഈ തരത്തിലുള്ള സംവാദങ്ങള്‍ക്ക് വേദിയുണ്ടായിക്കൊണ്ടിരിക്കുന്നത് ശുഭകരമാണ്.
Next Story

RELATED STORIES

Share it