Flash News

സുന്നി ഐക്യാഹ്വാനവുമായി സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

കെ പി ഒ റഹ് മത്തുല്ല

മലപ്പുറം: സുന്നി ഐക്യത്തെ സ്വാഗതം ചെയ്തുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇകെ വിഭാഗം പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സംഘടനയുടെ ദിനപത്രത്തിലെ അഭിമുഖത്തിലാണ് ഈ അഭിപ്രായപ്രകടനം. സമസ്തയിലെ ഭിന്നിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയിലാണ് ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നത്.എക്കാലത്തും അകന്നു നില്‍ക്കണമെന്ന വാശി സമസ്തയ്ക്കില്ല. ഐക്യത്തിന് സമസ്ത എപ്പോഴും തയ്യാറാണ്. അതിന് ആര് മുന്‍കൈ എടുത്താലും സ്വാഗതം ചെയ്യും. സമുദായത്തിന്റേയും സുന്നത്ത് ജമാഅത്തിന്റെയും യശസ്സുയര്‍ത്താന്‍ ഏറ്റവും നല്ലത് ഇരു വിഭാഗം സുന്നികളും ഒന്നിച്ച് പ്രവര്‍ത്തിക്കുക തന്നെയാണ്. അതിനുള്ള വാതിലുകളൊന്നും അടയ്ക്കപ്പെട്ടിട്ടില്ല. തങ്ങള്‍ പറയുന്നു.  ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ എന്നിവയുടെ ഐക്യത്തെക്കുറിച്ചും അഭിമുഖത്തില്‍ ജിഫ്‌രി തങ്ങള്‍ വാചാലനാവുന്നുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രത്യേക പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ രൂപം കൊണ്ട സംഘടനയാണ്. തബ്‌ലീഗുമായി ബന്ധപ്പെട്ട സമസ്തയുടെ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ ദക്ഷിണയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ല. സമസ്തയില്‍ നിന്ന് ശാഖാപരമായ കര്‍മ ശാസ്ത്ര വിഷയങ്ങളില്‍ ഭിന്നിച്ചു പോയവരാണ് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ. അവരുമായി യോജിപ്പിന്റെ വഴി തന്നെയാണു കാണുന്നതെന്നും തങ്ങള്‍ പറയുന്നു.  മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങളുമായി പൊതുപ്രശ്‌നങ്ങളില്‍ യോജിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു ജിഫ്‌രി തങ്ങളുടെ മറുപടി ഇങ്ങനെ: ആദര്‍ശ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കു സമസ്ത തയ്യാറല്ല. അതോടൊപ്പം പൊതു വിഷയങ്ങളില്‍ സമുദായത്തിന്റെ മൊത്തത്തിലുള്ള താല്‍പര്യത്തെ മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുകയും സാമുദായിക സ്വരം ഏകീകരിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യും.മഅ്ദനിക്ക് നീതി നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നു പറയുന്ന ജിഫ്‌രി തങ്ങള്‍ സമസ്തക്ക് ഇടതുപക്ഷവുമായി ഉള്ള അഭിപ്രായഭിന്നത അവരുടെ ന്യൂനപക്ഷ വിരോധവും ശരീഅത്ത് നിയമങ്ങളോടുള്ള വെറുപ്പിന്റെയും അടിസ്ഥാനത്തിലുള്ളതാണെന്നും വിശദീകരിക്കുന്നു. സമസ്ത വനിതാ സംഘടന രൂപീകരിക്കുമോ എന്ന ചോദ്യത്തിന് വനിതാ സംഘടനകൊണ്ട് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും തങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it