Kerala

സുന്നി ഐക്യമാവാമെന്ന് പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍

സുന്നി ഐക്യമാവാമെന്ന്  പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍
X
Alikkutty-ustadകെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സുന്നി ഐക്യമാവാമെന്നും സ്ത്രീകള്‍ക്കു പ്രത്യേക സംഘടന രൂപീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഇ കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍. എസ്‌കെഎസ്എസ്എഫ് മുഖപത്രം സത്യധാരയുടെ പുതിയ ലക്കത്തിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.
സുന്നികള്‍ ഐക്യപ്പെടുന്നതിന് എന്താണു തടസ്സം എന്ന ചോദ്യത്തിനു ചേരിതിരിവുകള്‍ക്കു ശേഷം ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിനു ചര്‍ച്ചകള്‍ നടന്നതാണെന്നും സുന്നി ഐക്യത്തിനുവേണ്ടി സിഎച്ച് ഹൈദ്രോസ് മുസ്‌ല്യാര്‍ ശ്രമിച്ചപ്പോള്‍, ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ അതിനെ പിന്തുണച്ചതായും ആലിക്കുട്ടി മുസ്‌ല്യാര്‍ പറയുന്നു.
അന്ന് മറുവിഭാഗവുമായി ചര്‍ച്ചനടത്തിയ കൂട്ടത്തില്‍ ഞാനും മര്‍ഹും പി പി മുഹമ്മദ് ഫൈസിയും ഉണ്ടായിരുന്നു. ഐക്യ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കാരന്തൂര്‍ മര്‍ക്കസ് വരെ പോയി. സമുദായത്തിന്റെയും സുന്നത്ത് ജമാഅത്തിന്റെയും കെട്ടുറപ്പിനു വേണ്ടി എന്തു ത്യാഗം ചെയ്യാനും ഒരുക്കമാണെന്നതുകൊണ്ടാണ് ശംസുല്‍ ഉലമാ ഐക്യശ്രമത്തെ പ്രോല്‍സാഹിപ്പിച്ചത്.
'വ സ്സ്വുല്‍ഹു ഖൈറുന്‍' എന്ന ഖുര്‍ആനിന്റെ ആഹ്വാനത്തോടൊപ്പമാണ് നാം. പക്ഷേ, ഐക്യാഹ്വാനങ്ങളും മസ്‌ലഹത്തിനു വേണ്ടിയുള്ള മുറവിളികളും സംഘടന പിടിച്ചടക്കാനും സ്വന്തം മേല്‍കോയ്മ സ്ഥാപിക്കാനുമാവരുത്. അകന്നുപോയി എന്നതുകൊണ്ട് എന്നും അകന്നുതന്നെ ജീവിക്കണമെന്ന സിദ്ധാന്തം നമുക്കില്ല.
എന്തുകൊണ്ട് വനിതാ സംഘടനയെക്കുറിച്ച് സമസ്ത ചിന്തിക്കുന്നില്ല എന്ന ചോദ്യത്തിന് അന്യ സ്ത്രീ പുരുഷന്‍മാര്‍ പരസ്പരം കൂടിക്കലരുന്നത് ഒഴിവാക്കണമെന്നാണ് ഇസ്‌ലാം പറയുന്നതെന്നും അതില്ലാത്ത വിധം ഏതു ശാക്തീകരണവും ആകാവുന്നതാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. അതുപോലെ വീടും കുടുംബവുമാണു സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ മേഖല. അതിനെ അപ്രസക്തമാക്കുന്നതൊന്നും ഉണ്ടായിക്കൂടാ. നമ്മുടെ പെണ്‍കുട്ടികളില്‍ മത-ഭൗതിക വിദ്യാഭ്യാസം ഏറിവരുന്ന ഘട്ടത്തില്‍ അവരുടെ ഇടം നിര്‍ണയിക്കാന്‍ മതത്തിന്റെ വിധിവിലക്കുകളെല്ലാം പാലിക്കുന്ന വിധം ഒരു വനിതാ കൂട്ടായ്മ വരുന്നതിനോ സംഘടിത രൂപം സ്വീകരിക്കുന്നതിനോ തടസ്സങ്ങളൊന്നുമില്ല.
സംഘപരിവാര കാലത്ത് ഏക സിവില്‍ കോഡ് വരട്ടെ, വന്നിട്ടു ചര്‍ച്ചചെയ്യാമെന്നു പ്രസ്താവിക്കുന്നവര്‍ സഹതാപമര്‍ഹിക്കുന്നവരാണെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മുറുപടിനല്‍കുന്നു. ഇസ്‌ലാമിക ശരീഅത്തിന് അനുകൂലമായ ഒരു പൊതു സിവില്‍കോഡ് ഫാഷിസം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തം മറ്റൊന്നില്ല. മുസ്‌ലിം വ്യക്തി നിയമം കാലികമായി പരിഷ്‌കരിക്കണമെന്നു വാദിക്കുന്നവര്‍ ഒരര്‍ഥത്തില്‍ ഏകസിവില്‍കോഡ് വാദികള്‍ക്ക് വളംവയ്ക്കുകയാണ്. നിരവധി സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത അവകാശാധികാരങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ അതിനു വളംവച്ചുകൊടുക്കുന്നവര്‍ക്ക് പിന്നീട് ഖേദിക്കേണ്ടിവരുമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it