സുനില്‍കുമാര്‍ കൊലപാതകം: ഉന്നതതല അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സംഭവത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ന് സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും. ഇതോടനുബന്ധിച്ച് പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക സംസ്‌കാരം സിപിഎമ്മില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും വിട്ടുപോയിട്ടില്ല. ഡിവൈഎഫ്‌ഐയില്‍ നിന്നു രാജിവച്ച് യൂത്ത്‌കോണ്‍ഗ്രസ്സില്‍ ചേര്‍ന്നയാളാണ് സുനില്‍. വിയോജിക്കുന്നവരെ വധിക്കുക എന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിക്കുന്നത്.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നെന്നു പറഞ്ഞ് മതേതരത്വത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന സിപിഎം, പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നയാളെ കൊല്ലുമ്പോള്‍ ഏതുതരം ജനാധിപത്യമാണ് സംരക്ഷിക്കുന്നതെന്നു വ്യക്തമാക്കേണ്ടതുണ്ട്. രാഷ്ട്രീയ ഫാഷിസത്തിന്റെ ഒരിക്കലും മാറാത്ത രീതിയാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നത്. സീതാറാം യെച്ചൂരിയും പിണറായി വിജയനും വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it