Flash News

സുനന്ദ പുഷ്‌കറുടെ മരണം: തരൂര്‍ വിചാരണ നേരിടണം

സുനന്ദ പുഷ്‌കറുടെ മരണം: തരൂര്‍ വിചാരണ നേരിടണം
X

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌ക്കര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനോട് അടുത്തമാസം ഏഴിനു നേരിട്ട് ഹാജരാവാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. കേസില്‍ ശശി തരൂരിനെ പ്രതിചേര്‍ത്ത് ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം അഡീഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് തരൂരിന് നോട്ടീസയക്കാന്‍ കോടതി തീരുമാനിച്ചത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. ഈ രണ്ടു കുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഡല്‍ഹി പോലിസ് അവകശപ്പെടുന്നത്. സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഗാര്‍ഹികപീഡനത്തിന്റെ തെളിവുകളായും സുനന്ദ, ശശി തരൂരിന് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള തെളിവായുമാണ് പോലിസ് ഹാജരാക്കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് പട്യാലഹൗസ് അഡീഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാല്‍ മുമ്പാകെ കുറ്റപത്രം എത്തിയത്. ഇതേതുടര്‍ന്ന് പ്രാഥമിക പരിശോധനയയ്ക്കു ശേഷം തരൂരിനെ പ്രതിചേര്‍ത്തു വിചാരണചെയ്യുന്നതുസംബന്ധിച്ച് വിധിപുറപ്പെടുവിക്കാന്‍ ഇന്നലത്തേക്കു നീട്ടിവയക്കുകായിരുന്നു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ തരൂരിനെ കുറ്റവിചാരണചെയ്യാന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ ഉള്ളതായി കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിനല്‍കിയ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്നലെ കോടതിയില്‍ ഹാജരായി.
കേസില്‍ തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമംനടന്നതായി അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ഒരുവര്‍ഷം മുമ്പ് കേസ് രജിസ്റ്റര്‍ചെയ്‌തെങ്കിലും പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. തരൂരിനെ കൊലക്കുറ്റം ചുമത്തി വിചാരണചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാമിയുടെ ആവശ്യത്തില്‍ മറുപടി അറിയിക്കാന്‍ കോടതി പ്രോസികൂഷന് നിര്‍ദേശം നല്‍കി.
അതേസമയം, നേരിട്ടു ഹാജരാവുന്നതില്‍ നിന്നു ഒഴിവാക്കിതരണമെന്നഭ്യര്‍ഥിച്ച് ശശി തരൂര്‍ മേല്‍കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച തന്നെ അദ്ദേഹം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it