Flash News

സുനന്ദ പുഷ്‌കറിന്റെ മരണം : തുടക്കം മുതല്‍ പുനരന്വേഷിക്കും



ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് തുടക്കം മുതല്‍ പുനരന്വേഷിക്കും. ഇതു സംബന്ധിച്ച് ഡല്‍ഹി പോലിസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് ഉത്തരവിട്ടതായി ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. ഇതിനായി ഡല്‍ഹി പോലിസിലെ നാലംഘസംഘത്തെ നിയോഗിച്ചു. ഡപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഈശ്വര്‍ സിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കൊട്‌ല മുബാറക്പൂര്‍ പോലിസ് സ്‌റ്റേഷന്‍  സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) വീര്‍ കിഷന്‍ പാല്‍ സിങ് യാദവ്, ലോധി കോളനി പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ രവി ശങ്കര്‍, സരോജിനി പോലിസ് സ്‌റ്റേഷനിലെ ഭീകരവിരുദ്ധ സമിതി (എടിഒ) ഇന്‍സ്‌പെക്ടര്‍ പ്രതീപ് റാവത്ത് എന്നിവരാണുള്ളത്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ചാണക്യപുരിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം സരോജിനി നഗര്‍ പോലിസ് എസ്എച്ച്ഒ ആയിരുന്നു വീര്‍കിഷന്‍ പാല്‍. എന്നാല്‍, സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഹോട്ടല്‍ ലീലാ പാലസിലെ 345ാം നമ്പര്‍ മുറി തുറന്നു കൊടുക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞയാഴ്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവു പ്രകാരം അടച്ചുപൂട്ടി മുദ്രവച്ച മുറി തുറന്നുകൊടുക്കുന്നതിനു മുന്നോടിയായുള്ള നടപടി സ്വീകരിക്കാന്‍ പോലിസ് കമ്മീഷണര്‍ ചുമതലപ്പെടുത്തിയതും ഈ നാലംഗ സംഘത്തെയായിരുന്നു. ഹോട്ടല്‍മുറി തുറക്കുന്നതുസംബന്ധിച്ച കേസ് ഹൈക്കോടതി അടുത്തമാസം 14നു വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അതിനു മുമ്പ് ഇതുസംബന്ധിച്ച് നാലംഗസമിതി വിശദ റിപോര്‍ട്ട് തയ്യാറാക്കും. കേസ് എങ്ങുമെത്താതെ അവസാനിപ്പിക്കാനിരിക്കെ ചില തെളിവുകള്‍ ലഭിച്ചതിനാലാണ് പുനരന്വേഷണം നടത്തുന്നതെന്നും തുടക്കംമുതല്‍ തന്നെ അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷാംശം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2015ല്‍ ഡല്‍ഹി പോലിസ് കൊലക്കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തരൂരിനെ കൂടാതെ, സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, ദമ്പതികളുടെ സുഹൃത്തുക്കള്‍, ജീവനക്കാര്‍, തരൂരിന്റെ അടുത്ത സുഹൃത്ത് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. വീട്ടുജോലിക്കാരെ നുണപരിശോധനയ്ക്കു വിധേയമാക്കുകയുമുണ്ടായി. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായം തേടിയ ഇന്ത്യയിലെ ഏക കൊലപാതകക്കേസാണിത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് സുനന്ദയുടെ ആന്തരികാവയവങ്ങള്‍ എഫ്ബിഐക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍, എഫ്ബിഐയും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) തയ്യാറാക്കിയ മെഡിക്കല്‍ റിപോര്‍ട്ടുകളില്‍ മരണകാരണം സംബന്ധിച്ച സൂചന ലഭിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it