സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വീണ്ടും ചോദ്യംചെയ്തു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ ഡല്‍ഹി പോലിസ് വീണ്ടും ചോദ്യംചെയ്തു. ശനിയാഴ്ച വൈകീട്ട് വസന്ത്‌വിഹാറിലെ പോലിസ് ആസ്ഥാനത്താണ് കേസന്വേഷിക്കുന്ന പ്രത്യേകസംഘം മുമ്പാകെ അഭിഭാഷകനോടൊപ്പം തരൂര്‍ ഹാജരായത്. മൊഴിയെടുപ്പ് അഞ്ചുമണിക്കൂറോളം നീണ്ടു.
തരൂര്‍-സുനന്ദ ദമ്പതികളുടെ ഡ്രൈവര്‍ ബജ്‌റംഗി, സഹായി നാരായണ്‍ സിങ് എന്നിവരെ ഈമാസം ആദ്യം ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ വൈരുധ്യം കണക്കിലെടുത്താണു തരൂരിനെ മൂന്നാമതും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഉത്കണ്ഠ ശമിപ്പിക്കാനുള്ള ആല്‍പ്രാക്‌സ് ഗുളികയുടെ അമിതോപയോഗമാണ് സുനന്ദയുടെ മരണകാരണമെന്ന് എയിംസ് വിദഗ്ധര്‍ കഴിഞ്ഞ മാസം ഡല്‍ഹി പോലിസിനു നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആല്‍പ്രാക്‌സ് ടാബ്‌ലറ്റുകള്‍ സുനന്ദയ്ക്ക് എവിടെനിന്നു ലഭിച്ചു എന്നാണു പ്രധാനമായും എസ്‌ഐടി ചോദിച്ചത്.
മരണത്തിനു തലേദിവസം ഇരുവരും വഴക്കിട്ടതിനും സുനന്ദ കരഞ്ഞതിനുമുള്ള കാരണങ്ങള്‍, മൃതദേഹത്തിലെ മുറിവ്, ഐപിഎല്‍ ഒത്തുകളി, പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധം എന്നിവയെക്കുറിച്ചും ആരാഞ്ഞു. മരണത്തില്‍ അസ്വാഭാവികത ഉള്ളതായി വിശ്വസിക്കുന്നില്ലെന്ന മുന്‍ നിലപാട് തരൂര്‍ ആവര്‍ത്തിച്ചു. അതേസമയം, തരൂരിനെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ പോലിസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യമുന്നയിച്ച് ഉടന്‍ കോടതിയെ സമീപിച്ചേക്കും.
നാരായണ്‍ സിങിനെയും ബജ്‌റംഗിയെയും സുനന്ദയുടെ കുടുംബസുഹൃത്ത് സഞ്ജയ് ദിവാനെയും നേരത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. സുനന്ദയുടെ ശരീരത്തില്‍ ഇന്‍സുലിന്‍ പോലുള്ള ഇഞ്ചക്ഷന്‍ ഉപയോഗിച്ചതിന്റെ പാടുകളുണ്ടെന്നും മരണത്തിന്റെ തലേദിവസങ്ങളില്‍ സുനന്ദ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നോ മറ്റോ ഇവ വാങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ എയിംസ് റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it