സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനു സ്ഥിരം ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപിക്ക് ഡല്‍ഹി പാട്യാല കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കേസില്‍ ഡല്‍ഹി പോലിസ് പ്രതിചേര്‍ത്ത തരൂരിനോട് ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതു പ്രകാരം ഇന്നലെ രാവിലെ അഭിഭാഷകര്‍ക്കൊപ്പം ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെത്തിയ തരൂരിന് അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ സ്ഥിരം ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ സ്ഥിരം ജാമ്യത്തിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് 3000 പേജ് വരുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതി തരൂരിനു നല്‍കി.
കോടതിയില്‍ ഹാജരായി ജാമ്യത്തുക കെട്ടിവച്ചുവെന്നും കേസുമായി തുടര്‍ന്നും സഹകരിക്കുമെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ  അപേക്ഷ പ്രോസിക്യൂഷനും തരൂരിന്റെ അഭിഭാഷകനും എതിര്‍ത്തു. കേസില്‍ ഈ മാസം 26നു വീണ്ടും വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it