സുനന്ദ കേസ്: ആന്തരികാവയവ പരിശോധനാ റിപോര്‍ട്ട് കൈമാറി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച ന്യൂഡല്‍ഹിയിലെ എയിംസ്, അന്തിമ റിപോര്‍ട്ട് ഡല്‍ഹി പോലിസിന് സമര്‍പ്പിച്ചു. മുമ്പ് എഫ്ബിഐ നടത്തിയ ആന്തരിക പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് എയിംസ് റിപോര്‍ട്ട് ഡല്‍ഹി പോലിസിന് കൈമാറിയിരിക്കുന്നത്. റിപോര്‍ട്ട് ലഭിച്ച കാര്യം ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബാസിയാണ് വ്യക്തമാക്കിയത്. സുനന്ദയുടേത് സ്വാഭാവിക മരണമായിരുന്നില്ലെന്നും എന്നാല്‍, അപകടകാരിയായ രാസപദാര്‍ഥങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ സാധ്യമായ എല്ലാ വശങ്ങളും പരിശോധിച്ച് ഉടന്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എഫ്ബിഐ റിപോര്‍ട്ടില്‍ ഏതെങ്കിലും അപകടകരമായ രാസവസ്തുക്കളെക്കുറിച്ച് പരാമര്‍ശമുള്ളതായി അറിയില്ല. എന്നാല്‍, മറ്റു ചില പദാര്‍ഥങ്ങള്‍ കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ സ്വീകാര്യമായ അളവിലാണെന്നായിരുന്നു എഫ്ബിഐ റിപോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.ശേഖരിച്ച തെളിവുകള്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ മരണം സ്വാഭാവികമല്ലെന്ന കാര്യം വ്യക്തമാണെന്ന് ബാസി പറഞ്ഞു. മരണം അസ്വാഭാവികമാണെന്നകാര്യം ഉറപ്പായും പറയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. അത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11 പേജുള്ള റിപോര്‍ട്ടും 32 പേജുള്ള പരിശോധനാഫലങ്ങളടങ്ങിയ വിവരങ്ങളുമാണ് എയിംസ് കൈമാറിയിരിക്കുന്നത്. എഫ്ബിഐയുടെ പരിശോധനയ്ക്കായി കഴിഞ്ഞ വര്‍ഷം സാംപിളുകള്‍ വാഷിങ്ടണിലേക്കയച്ചിരുന്നു. എന്നാല്‍, ഏതുതരം രാസപദാര്‍ഥമാണ് മരണ കാരണമായതെന്നു കണ്ടെത്താന്‍ എഫ്ബിഐയ്ക്കു സാധിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it