Flash News

സുനന്ദയുടെ മരണം : പോലിസ് ഫോണിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടു



ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ കൈമാറാന്‍ ഡല്‍ഹി പോലിസ് സിബിഐയോട് ആവശ്യപ്പെട്ടു. സുനന്ദ മരിച്ച കേസ് പുനരന്വേഷിക്കുന്ന ഡല്‍ഹി പോലിസിലെ പ്രത്യേക സംഘം (എസ്‌ഐടി) ആണ് വിവരങ്ങള്‍ ആരാഞ്ഞ് സിബിഐയുടെ കീഴിലുള്ള സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് (സിഎഫ്എസ്എല്‍) കത്തെഴുതിയത്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ചാണക്യപുരിയില്‍ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രധാനമായും സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്ക്‌ബെറി ഫോണിലെ ചാറ്റ് വിവരങ്ങളാണ് പോലിസ് ആരാഞ്ഞിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സുനന്ദയുടെ ബ്ലാക്ക്‌ബെറി ഫോണും ഭര്‍ത്താവ് ശശി തരൂര്‍,  ജീവനക്കാര്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുടെ 50ഓളം മൊബൈല്‍ ഫോണുകളും ടാബുകളും പോലിസ് പിടിച്ചെടുത്തിരുന്നു. ദമ്പതികളുടെ കൈവശം നാലു ലാപ്‌ടോപ്പുകള്‍ ഉണ്ടായിരുന്നതായാണ് പോലിസ് പറയുന്നത്. ഇതിലെ ചാറ്റ് വിവരങ്ങള്‍ പരിശോധിക്കാനായി ഇവ സിഎഫ്എസ്എല്‍ ഉള്‍പ്പെടെയുള്ള വിവിധ ലാബുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരങ്ങളാണ് പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ അന്വേഷണം മന്ദഗതിയിലായതു സംബന്ധിച്ചും സിബിഐക്കയച്ച കത്തില്‍ പോലിസ് സൂചിപ്പിച്ചിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കുമെന്നും മറ്റു ലാബുകളില്‍ നിന്നുള്ള വിവരങ്ങളും ഉടന്‍ ശേഖരിക്കുമെന്നും എസ്‌ഐടിയിലെ ഒരംഗം പറഞ്ഞു. ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഈശ്വര്‍ സിങ് നേതൃത്വം നല്‍കുന്ന എസ്‌ഐടിയില്‍ കൊട്‌ല മുബാറക്പൂര്‍ പോലിസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) വീര്‍ കിഷന്‍ പാല്‍ സിങ് യാദവ്, ലോധി കോളനി പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ രവി ശങ്കര്‍, സരോജിനി പോലിസ് സ്‌റ്റേഷനിലെ ഭീകരവിരുദ്ധ സമിതി (എടിഒ) ഇന്‍സ്‌പെക്ടര്‍ പ്രദീപ് റാവത്ത് എന്നിവരാണ് അംഗങ്ങള്‍.
Next Story

RELATED STORIES

Share it