സുനന്ദയുടെ മരണം അമിത അളവില്‍ അല്‍പ്രാക്‌സ് ഉള്ളില്‍ ചെന്ന്

ന്യൂഡല്‍ഹി: വിഷാദരോഗത്തിനുള്ള അല്‍പ്രാക്‌സ് ഗുളികകള്‍ അമിത അളവില്‍ ഉള്ളില്‍ ചെന്നതാണ് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിനു കാരണമായതെന്ന് എയിംസ് റിപോര്‍ട്ട്.
അമേരിക്കയിലെ എഫ്ബിഐ പരിശോധനയിലും ഇത്തരമൊരു നിഗമനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, മരുന്ന് സുനന്ദ സ്വയം കഴിച്ചതാണോ അല്ലയോ എന്ന കാര്യം ഡല്‍ഹി പോലിസിന്റെ പ്രത്യേക സംഘം അന്വേഷിച്ചുവരുകയാണ്. എന്നാല്‍, സുനന്ദയുടെ ശരീരത്തില്‍ എതെങ്കിലും വിഷപദാര്‍ഥങ്ങള്‍ കുത്തിവച്ചതിന്റെ അടയാളം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് എയിംസിന്റെ അന്തിമ പരിശോധനാഫലത്തില്‍ പറയുന്നത്. ഞരമ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനുള്ള മരുന്നിന്റെ അംശം കണ്ടെത്തിയതായി നേരത്തേ എഫ്ബിഐ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, മരണകാരണം വിഷം അകത്തുചെന്നതാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ഐകകണ്‌ഠ്യേനയുള്ള നിഗമനം. കടിച്ച അടയാളമടക്കം നിരവധി പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇത് മല്‍പ്പിടിത്തം നടന്നതിന്റെ സൂചനയായാണു കാണുന്നത്.
അതിനിടെ, എയിംസ് റിപോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചതായി പോലിസ് കമ്മീഷണര്‍ ബി എസ് ബസി പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അന്വേഷണം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കും. അതിനുശേഷം തങ്ങളുടെ കണ്ടെത്തലുകള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it