Kerala Assembly Election

സുധീരനെതിരേ എ, ഐ ഗ്രൂപ്പുകള്‍

സുധീരനെതിരേ എ, ഐ ഗ്രൂപ്പുകള്‍
X
vm-sudheerannew
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരേ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത്. കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസത്തെ കെപിസിസി യോഗത്തില്‍ സര്‍ക്കാരിനെതിരായ സുധീരന്റെ വിമര്‍ശനമാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.
കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ സുധീരന്റെ നിലപാട് പാര്‍ട്ടിയില്‍ ഐക്യമില്ലാതാക്കിയെന്നും വിമര്‍ശനം അതിരുകടന്നുവെന്നുമാണ് ഗ്രൂപ്പുകളുടെ നിലപാട്. അദ്ദേഹം തന്റെ ചുമതല മറന്നുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും യോജിപ്പിച്ച് കൊണ്ടുപോവേണ്ട ചുമതല കെപിസിസി പ്രസിഡന്റിനാണ്. എന്നാല്‍, അതിനുള്ള ശ്രമമല്ല അദ്ദേഹം നടത്തുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സുധീരന് ഇടപെട്ട് പരിഹരിക്കാമായിരുന്നു. അതിലൊന്നും അദ്ദേഹം ഇടപെട്ടില്ല. പ്രശ്‌ന പരിഹാരത്തിനുള്ള സജീവ ഇടപെടലുകള്‍ നടക്കുന്നതിനിടെ സര്‍ക്കാരിനെതിരേ അദ്ദേഹം നടത്തിയ കടുത്ത പരാമര്‍ശത്തിനു പിന്നില്‍ മറ്റെന്തോ കാരണമുണ്ട്. ഗ്രൂപ്പുകള്‍ക്കിടയില്‍ എ കെ ആന്റണി മുന്നോട്ടുവച്ച ഐക്യസന്ദേശം തകര്‍ത്ത സുധീരന്‍ പാര്‍ട്ടിക്കുള്ളില്‍ വിള്ളല്‍ വീഴ്ത്തിയതായും ആരോപണമുണ്ട്. സുധീരന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് പ്രതിനിധി മുകുള്‍ വാസ്‌നികിന് പരാതി നല്‍കാനും ഗ്രൂപ്പുനേതാക്കള്‍ തീരുമാനിച്ചു.
സുധീരന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിനു വീണുകിട്ടിയ ആയുധമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തേണ്ടതില്ലെന്നും ഗ്രൂപ്പുകള്‍ തീരുമാനിച്ചു. മെത്രാന്‍ കായല്‍, കരുണ എസ്‌റ്റേറ്റ് തുടങ്ങിയ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കെപിസിസി യോഗത്തില്‍ സുധീരന്റെ പ്രസ്താവന.
സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും റോഡിലിട്ട് വലിച്ചുകീറിയപ്പോള്‍ പാര്‍ട്ടി സംരക്ഷിച്ചു. ഇപ്പോള്‍ നടക്കുന്ന കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും സംസ്ഥാനത്ത് അഴിമതിയുടെ അന്തരീക്ഷമുണ്ടെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം തീരുമാനങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുമെന്നായിരുന്നു സുധീരന്റെ വാദം.

[related]
Next Story

RELATED STORIES

Share it