kannur local

സുധാകരന് ഐക്യദാര്‍ഢ്യവുമായി എകെജിയുടെ ഡ്രൈവര്‍ സമരപ്പന്തലില്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായികമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ ഡ്രൈവര്‍. പിലാത്തറ മുണ്ടയാട്ടുപുരയില്‍ മൊയ്തുവാണ് ഇന്നലെ കലക്ടറേറ്റിന് മുമ്പിലെ സമരപ്പന്തലില്‍ എത്തിയത്.
1963 മുതല്‍ നീണ്ട 14 വര്‍ഷം എകെജിയുടെ ഹൃദയത്തുടിപ്പുകള്‍ അറിഞ്ഞ സാരഥി കൂടിയായിരുന്നു ഈ 81കാരന്‍. കെഎല്‍പി 6008 ജീപ്പിലായിരുന്നു ജില്ലയിലും പുറത്തും എകെജിയെയും കൊണ്ടുപോകാറുള്ളത്. മാടായി കോ-ഓപറേറ്റീവ് ബാങ്കാണ് ജീപ്പ് വാങ്ങിയത്. കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ മൊയ്തുവിനെ ആദരിച്ചിരുന്നു. സിനിമയ്ക്കുവേണ്ടി എകെജിയെ അടുത്തറിയുന്നവരെല്ലാം എത്തണമെന്ന ഷാജിയുടെ അഭ്യര്‍ഥനപ്രകാരം എത്തിയ മൊയ്തു എകെജിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി.
18ാം വയസ്സില്‍ ചെറുതാഴം വില്ലേജ് കമ്മിറ്റിയിലൂടെ സിപിഎം അംഗമായ മൊയ്തു 1978 ല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു. വിഎസ് അച്യുതാനന്ദനുമായും അടുപ്പം വച്ചുപുലര്‍ത്തി.
കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള കെ സുധാകരന്റെ സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി മൊയ്തു പറഞ്ഞു. മനുഷ്യനെ ഇല്ലാതാക്കുന്ന രാഷ്ട്രീയത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it