malappuram local

സുഡാനി ഫ്രം നൈജീരിയയിലൂടെ മലപ്പുറത്തിന്റെ കാഴ്ച പകര്‍ത്തുകയായിരുന്നു

മലപ്പുറം: സുഡാനി ഫ്രം നൈജീരിയയിലൂടെ മലപ്പുറത്തിന്റെ യഥാര്‍ഥ കാഴ്ച പകര്‍ത്തുകയായിരുന്നു തങ്ങള്‍ ചെയ്തതെന്നു സംവിധായകന്‍ സക്കറിയയും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും പറഞ്ഞു. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദി ഗസ്റ്റ് പരിപാടിയല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കേരളീയ സാംസ്‌കാരിക മണ്ഡലത്തില്‍ ഇടം പിടിച്ച ധാരണകള്‍ക്കപ്പുറമാണു ജീവിക്കുന്ന മലപ്പുറം.
മലപ്പുറത്തിന്റെ ജീവതമാണു യഥാര്‍ഥത്തില്‍ ഞങ്ങളുടെ സിനിമ. ആര്‍ക്കും മറുപടി പറയാനല്ല. അതിനും മുകളില്‍ നിന്ന് പറയാനുള്ള സിനിമ പറയുക എന്ന രീതിയാണു സ്വീകരിച്ചത്. യാഥാതഥമായി കഥപറയുകയും മലപ്പുറത്തെ ചിത്രീകരിക്കുകയും ചെയ്തതില്‍ വിജയിച്ചു എന്നുവേണം കരുതാന്‍. സിനിമയെ കേരളീയ സമൂഹം ഏറ്റെടുത്തു എന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഫുട്‌ബോളും നിഷ്‌കളങ്കതയും മലപ്പുറത്തിന്റെ തനിമയാണ്.
സെവന്‍സ് ആരാധകനെന്ന നിലയില്‍ മലപ്പുറത്തിന്റെ കഥപറയുമ്പോള്‍ ഫുട്‌ബോളിന്റെ കഥകൂടിപറയാതിരുന്നാല്‍ അത് പൂര്‍ത്തിയാവില്ല. സംവിധായകന്‍ സക്കറിയ പറഞ്ഞു. മജീദ് എന്ന കഥാപാത്രത്തെ അറിഞ്ഞഭിനയിക്കാന്‍ പറ്റുന്ന ആള്‍ എന്ന നിലയില്‍ സൗബിനെ തിരഞ്ഞെടുക്കുകയായിരുന്നു.സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും നിഷ്‌കളങ്കഭാവവുമാണ് മജീദ് എന്ന കഥാപാത്രത്തിന്റെ പ്രത്യേകത. അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ സംവിധായകന്‍ കൂടിയായ സൗബിന് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതില്‍ വിജയിച്ചു.
സുഡാനിയായി അഭിനയിച്ച സാമുവലിനെ ഇന്റര്‍ നെറ്റ് വഴിയാണു കണ്ടെത്തിയത്. സിനിമ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പ്രാപ്യമായ കാലഘട്ടമാണിത്. ഒരു സിനിമ സംഭവിപ്പിക്കാന്‍ പല കാരണങ്ങളുമുണ്ടാകും. സാധ്യമായ വിധത്തില്‍ അതിനെ സംഭവിപ്പിക്കുക എന്നതു വലിയ ഒരു ദൗത്യമാണ്.അതാണ് ഞങ്ങള്‍ ചെയ്തത്. മലയാള സിനിമാ രംഗത്തെ പ്രമുഖരില്‍ പലരും വിളിച്ച് അഭിനന്ദിക്കുകയും നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. മലപ്പുറത്തെക്കുറിച്ച് മാത്രം സിനിമ ചെയ്യുക എന്ന ഉദ്യേശമൊന്നുമില്ല. ചെയ്തവ അതായി തീര്‍ന്നു എന്ന യാതൃശ്ചികതയുണ്ടെന്നുമാത്രം. ധാരാളം പ്രൊജക്ടുകള്‍ കയ്യിലുള്ള സിനിമാ മോഹികളാണ് ഞങ്ങള്‍.അടുത്തുതന്നെ പുതിയ പ്രൊജക്ടുമായി രംഗത്തുവരണമെന്നാണ് ആഗ്രഹം. ഇരുവരും പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാ സമിതി അംഗം സമീര്‍ കല്ലായി, പി അസ്സലാം സംസാരിച്ചു. പ്രസ്‌ക്ലബ് ഉപഹാരം സി വി മുഹമ്മദ് നൗഫല്‍, ജോമിച്ചന്‍ ജോസ് സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it