സുഗതന്റെ മരണംഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

കോട്ടയം: പ്രവാസിയായിരുന്ന സുഗതന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രവാസി ഫോറം കേരള സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി. 35 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വന്തമായി വര്‍ക്‌ഷോപ്പ് നടത്തി കുടുംബം പോറ്റാന്‍ ഇറങ്ങിത്തിരിച്ച സുഗതന്‍ (64) തൂങ്ങിമരിക്കാനുണ്ടായ സാഹചര്യം പ്രവാസി സമൂഹം നടുക്കത്തോടെയാണ് കേട്ടത്. വയല്‍ നികത്തിയ ഭൂമിയിലാണ് വര്‍ക്‌ഷോപ്പ് എന്ന വാദവുമായി കൊടിനാട്ടി ഉപരോധം സൃഷ്ടിച്ച് ഒരുകൂട്ടം രാഷ്ട്രീയക്കാര്‍ പാവപ്പെട്ട ഒരു പ്രവാസിയുടെ ജീവനാണ് അപഹരിച്ചത്.
പ്രവാസികളുടെ ജീവനുപോലും തെല്ലും വിലകല്‍പ്പിക്കാത്ത നമ്മുടെ സാമൂഹികവ്യവസ്ഥിതി മാറേണ്ടതുണ്ട്. നീണ്ടകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തുന്ന പ്രവാസികള്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയാതെ ഒന്നുകില്‍ സംരംഭം പാതിവഴിയിലുപേക്ഷിക്കുകയോ അല്ലെങ്കില്‍ ജീവിതമവസാനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോര്‍ക്കാ റൂട്ട്‌സ് അടക്കമുള്ള പ്രവാസി മന്ത്രാലയം നേരിട്ട് ഇടപെട്ടു പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും മരിച്ച സുഗതന്റെ കുടുംബത്തിന് മതിയായ സംരക്ഷണവും നഷ്ടപരിഹാരവും ഉറപ്പുവരുത്തണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it