azchavattam

സുക്കറണ്ണനും സുഗതകുമാരിയും

ഉച്ചഭാഷണം/ സിതാര

ബിഹാര്‍ തിരഞ്ഞെടുപ്പ്, ബിജെപിയുടെ അടിപതറല്‍, സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസ്സിനു കിട്ടിയ പ്രഹരം, മാണി സാറിന്റെ രാജി, മോദിജിയുടെ ടൂറിങ്, ഫറൂഖ് കോളജ് വിവാദം തുടങ്ങി നിരവധി വിഷയങ്ങള്‍ കഴിഞ്ഞ വാരവും സോഷ്യല്‍ മീഡിയയെ സജീവമാക്കി.ഫ്രാന്‍സിലുണ്ടായ സ്‌ഫോടനപരമ്പരയാണ് സോഷ്യല്‍ മീഡിയയെ വല്ലാതെ പ്രകോപിപ്പിച്ചത്. ഫ്രാന്‍സിന്റെ പതാകയുടെ നിറം പ്രൊഫൈലാക്കുന്നതിനുള്ള ആപ്പ് അവതരിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് തങ്ങളുടെ അനുഭാവം പ്രകടിപ്പിച്ചു. അതോടെ ഫേസ്ബുക്ക് ഫ്രാന്‍സിന്റെ കൊടിയാല്‍ നിറഞ്ഞു. നിരപരാധികളുടെ രക്തം ചൊരിഞ്ഞ ഐഎസിനോടുള്ള രോഷം ആരും മറച്ചുവച്ചില്ല.

അതോടൊപ്പം ആ സംഭവത്തെ എങ്ങനെ കാണണം എന്ന ചര്‍ച്ചകള്‍ മറ്റൊരു രീതിയിലാണ് വികസിച്ചത്. ഫിറോസ് ഹസന്‍ എഴുതി: ''ഫ്രാന്‍സിന്റെ ദേശീയപതാകകൊണ്ട് മുഖം മൂടിക്കെട്ടി അധിനിവേശയുക്തിയാല്‍ അന്ധരായവര്‍ വാസ്തവത്തില്‍ സമാധാനപൂര്‍വമായ ഒരു ലോകക്രമത്തിനായല്ല പ്രവര്‍ത്തിച്ചത്. നീതിരഹിതമായ ഒരു വ്യവസ്ഥയെ, അതിന്റെ ഹിംസാത്മകതയെ വീണ്ടും വീണ്ടും അരക്കിട്ടുറപ്പിക്കാന്‍ തന്നെയായിരുന്നു. 'അശുദ്ധരുടെ രക്തം നമ്മുടെ വയലേലകളെ ഫലഭൂയിഷ്ഠമാക്കട്ടെ...' എന്നവസാനിക്കുന്ന ഫ്രാന്‍സിന്റെ ദേശീയഗാനത്തിലെ വരികള്‍ മാത്രം മതിയാവും ആ രാഷ്ട്രം എത്രമാത്രം ഹിംസാത്മകമാണെന്ന് മനസ്സിലാക്കാന്‍.

ഐഎസ് ശരിയാണെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നതെന്നായിരുന്നു സോണി പ്രതികരിച്ചത്. ജയകൃഷ്ണന്‍ മാങ്ങാട്ട് എഴുതിയത് മറ്റൊരു ദിശയില്‍: ''വളരെ ശരിയാണ് ഫിറോസ് പറഞ്ഞത്. ഇതുപോലെ അധിനിവേശം നടത്തിയ, മനുഷ്യക്കുരുതി നടത്തിയ രാജ്യങ്ങളും അവരുടെ പതാകകളും തിരസ്‌കരിക്കപ്പെടേണ്ടതു തന്നെയാണ്. അതോടൊപ്പം... തന്റെ വിശ്വാസങ്ങളും ആശയങ്ങളും മാത്രം സാര്‍വത്രീകരിക്കണമെന്നും മറ്റുള്ളവയെ നിഷ്‌കാസനം ചെയ്യണമെന്നുമുള്ള വിചാരത്തോടെ കൂട്ടക്കുരുതികള്‍ വരെ നടത്തിയ മതങ്ങളെ കുറിച്ചും ചരിത്രത്തില്‍നിന്നു നമുക്ക് മനസ്സിലാക്കാം.'' തള്ളിക്കളയുമോ അത്തരം അധിനിവേശങ്ങളെ എന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധം.

അതിനിടെ ഐസിസിയുടെ പതാകയില്‍ ആര്‍ത്തവരക്തം വീഴ്ത്തുന്ന ആലിയയുടെ ചിത്രം പോസ്റ്റ് ചെയ്ത അരുന്ധതി ബിക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതിലും പ്രതിഷേധമുയര്‍ന്നു. മൂന്നു ദിവസം പോസ്റ്റും കമന്‍ഡും ലൈക്കും ഇടാന്‍ കഴിയാത്ത രീതിയിലുള്ള വിലക്കാണ് കിട്ടിയത്. പാരിസിലെ ആക്രമണങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രീതിയെ അനൂപ് കുമാരനും വിമര്‍ശിച്ചു. 'പാരിസില്‍ കൊല്ലപ്പെട്ടവരോട് ഐക്യം പ്രഖ്യാപിച്ചു ഫോട്ടോയില്‍ കളറടിക്കുന്നവരെ' എന്നാണ് അദ്ദേഹം തുടങ്ങിയത്. ''നഷ്ടപ്പെടുന്ന ജീവനുകള്‍ക്കെല്ലാം ഒരേ വില തന്നെയാണ്. ജാതിയുടെ, മതത്തിന്റെ, വംശത്തിന്റെ, സാമ്രാജ്യത്ത അധിനിവേശങ്ങളുടെ, തീവ്രവാദത്തിന്റെ ഒക്കെ ഇരകളായി ജീവന്‍ നഷ്ടപ്പെട്ട, ബോംബിന്റെയും പീരങ്കികളുടെയും നിഴലില്‍ ജീവിക്കേണ്ടി വരുന്ന മനുഷ്യജന്മങ്ങളുടെ, അനാഥബാല്യങ്ങളുടെ, ഇറാഖിലും അഫ്ഗാനിസ്താനിലും ഗസയിലും സിറിയയിലും തുടങ്ങി രണ്ടു ദിവസം മുമ്പ് ബെയ്‌റൂത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആള്‍ക്കാരുടെ... ഐക്യപ്പെടല്‍ ഇവരെല്ലാരോടും കൂടിയാണ്. അവരില്‍നിന്നും ഒട്ടും തന്നെ മുകളിലോ താഴെയോ അല്ല പാരിസില്‍ നഷ്ടമായ നിരപരാധികളുടെ ജീവന്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രത്യേകം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഫോട്ടോയില്‍ നിറമടിക്കാന്‍ ഉദ്ദേശവുമില്ല.'' സുക്കന്‍ബര്‍ഗ് അല്ല തന്റെ ഐക്യദാര്‍ഢ്യ പ്രയോറിറ്റി തീരുമാനിക്കുന്നതെന്നും അദ്ദേഹം എഴുതി.

സുദീപ് ബെന്‍ ആദില്‍ അമന്‍ അല്‍മിത്രയും ഇതേ പോയിന്റാണ് ഉന്നയിച്ചത്. പാരിസിലെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും ആ സങ്കടങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നു, ഫ്രഞ്ച് ദേശീയതയോട് ചേരുന്നില്ലെങ്കിലും. ഫ്രാന്‍സില്‍ ആക്രമണം നടക്കുമ്പോള്‍ ഫ്രാന്‍സിന്റെ ദേശീയപതാക പ്രൊഫൈല്‍ പിക് ആക്കാന്‍ ഒരു ഓപ്ഷന്‍  ഉണ്ടാവുകയും അത്രതന്നെ ഗ്ലാമര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ആക്രമണം നടക്കുമ്പോള്‍ ആ രാജ്യങ്ങളുടെ ദേശീയപതാകയുടെ നിറങ്ങളില്‍ പ്രൊഫൈല്‍ പിക് ഉണ്ടാക്കാന്‍ ഒരു ഓപ്ഷന്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടും കൂടിയാണ് സുക്കര്‍ അണ്ണാ 'എനിക്കുവേണ്ട ആ ത്രിവര്‍ണം എന്നു പറയേണ്ടിവരുന്നത്' - അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.

കെനിയന്‍ യൂനിവേഴ്‌സിറ്റിയില്‍ 147 വിദ്യാര്‍ഥികള്‍ വെടിയേറ്റുമരിച്ച സംഭവത്തെക്കുറിച്ച് ബാബു എം ജേക്കബ്ബിന്റെ നിരീക്ഷണവും ഇവിടെ ചേര്‍ത്തുവായിക്കാം. 'കറുത്തവന്‍ ചത്താല്‍ ഇവിടാരും പ്രൊഫൈല്‍ പിക് മാറ്റാന്‍ പോവുന്നില്ല.. ആരും മെഴുകുതിരി കത്തിച്ചു കരയാനും പോവുന്നില്ല.. ഭൂമിക്കു ഭാരമായവരല്ലെ ചത്തത്? അല്ലാ പിന്നെ.' സി പി മുഹമ്മദാലിയുടെ മറ്റൊരു നിരീക്ഷണം നോ ക്കുക!. പാരിസില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്       ഇസ്‌ലാമാണ് ഉത്തരവാദിയെങ്കില്‍, മാണി കട്ടതിന്റെ ഉത്തരവാദിത്തം ക്രിസ്ത്യന്‍ സഭയ്ക്കാവില്ലേ? ഫാറൂഖ് കോളജ്, സുല്ലമുസ്സലാം കോളജ് മാനേജ്‌മെന്റുകളുടെ കുറ്റം ഇസ്‌ലാം ഏറ്റെടുക്കുമ്പോള്‍, ആശാറാം ബാപ്പു ബലാല്‍സംഗം ചെയ്തതിന്റെ ഉത്തരവാദിത്തം ഹിന്ദുമതത്തെ ഏല്‍പ്പിക്കാം. ശരിയല്ലേ? എന്തുകൊണ്ട് ഐഎസ് ഇസ്രായേലില്‍ ആക്രമണം നടത്തുന്നില്ലെന്ന പ്രസക്തമായ ചോദ്യവും നിരവധി പേര്‍ പങ്കുവച്ചിട്ടുണ്ട്.

എച്ചില്‍ക്കൂനകളിലെ നിരീക്ഷണംആദിവാസി കോളനി സന്ദര്‍ശിച്ചവരെ തടഞ്ഞുവച്ചതിനെതിരേയായിരുന്നു ജെയ്‌സന്‍ കൂപ്പറുടെ പ്രതിഷേധം. പേരാവൂര്‍ അമ്പലക്കുഴി ആദിവാസി കോളനി സന്ദര്‍ശിച്ച മനുഷ്യാവകാശപ്രവര്‍ത്തകരാണ് പോലിസ് തടഞ്ഞുവച്ചത്. ജനകീയ മനുഷ്യാവകാശപ്രസ്ഥാന പ്രവര്‍ത്തകരായ പി ജി ഹരി, ഷജില്‍ കുമാര്‍, അപര്‍ണ, സനീഷ്, പി എഫ് ഷിമി, നസീറ തുടങ്ങിയവരെ പോലിസ് തടഞ്ഞുവച്ചത്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിലാണെന്ന് പോലിസ് ഭാഷ്യം. ആദിവാസികള്‍ക്കിടയില്‍ പട്ടിണി, ലൈംഗികാതിക്രമം എന്നിവ വര്‍ധിച്ചുവരുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് സംഘം കോളനി സന്ദര്‍ശിച്ചത്. ഇതിനെക്കുറിച്ച ജെയ്‌സന്‍ എഴുതി: ''ആദിവാസികള്‍ക്കുമേല്‍ എപ്പോഴും ഒരു കണ്ണ് വേണം... അരുതായ്മകള്‍ പ്രവര്‍ത്തിക്കാന്‍ ഒരു മടിയുമില്ലാത്തവരാണവറ്റകള്‍. ആഭ്യന്തര മന്ത്രി ആദിവാസികളോടൊപ്പം സദ്യ ഉണ്ടതിനു ശേഷവും ആദിവാസി കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി എച്ചില്‍കൂനകള്‍ പരതുന്നു, നിസ്സഹായരായ ആ മനുഷ്യര്‍ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നു. പക്ഷേ, ചിലരുടെ ആധി അതല്ല, പൊറുതിമുട്ടി അവറ്റകള്‍ വല്ല അവിവേകവും കാട്ടുമോ എന്നതാണ്... അതുകൊണ്ട് അവറ്റകളുടെമേലും പുറത്തുനിന്നെത്തുന്നവരുടെ മേലും ഒരു കണ്ണെപ്പോഴും ഉണ്ടാവണം. ജനങ്ങളും പോലിസും ഒത്തൊരുമിച്ച് ജനമൈത്രിയായി ആ കോളനികളില്‍ സദാ നിരീക്ഷണം ഉണ്ടാവും.

''സുഗതകുമാരിയുടെ പുതിയ കവിത: ദലിതന്റെ പകദലിതന് സവര്‍ണനോടുള്ള പക രാജ്യത്തെ ശിഥിലമാക്കുന്നു എന്ന സുഗതകുമാരിയുടെ പ്രസ്താവനയ്‌ക്കെതിരേ അരുണ്‍ എസ് ഈഴവന്‍ എഴുതി: ''അതെ ശരിയാണ്, ചുട്ടുകൊന്നതും സവര്‍ണകുഞ്ഞുങ്ങളെ ആയിരുന്നു. മാനഭംഗത്തിനു വിധേയമാക്കി മരക്കൊമ്പുകളില്‍ തൂങ്ങി ആടിയതും സവര്‍ണകന്യകകള്‍ ആയിരുന്നു. ദലിതര്‍ വെടിവച്ചു രസിച്ചതും ദരിദ്രനായ സവര്‍ണകര്‍ഷകന്റെ ദേഹത്തായിരുന്നു. ദലിതര്‍ രാത്രി അന്തി ഉറങ്ങിയിരുന്നതും കൂലിവേലക്കാരനായ സവര്‍ണന്റെ മകളോടൊപ്പമോ അതോ ഭാര്യയോടൊപ്പമോ ആയിരുന്നു. അതെ ദലിതന്റെ വിദ്വേഷമാണ് എല്ലാത്തിനും കാരണം. വര്‍ഷങ്ങളായി ഈയമ്മയുടെ കവിതയാണ് മക്കളെ നാം പാടി നടന്നിരുന്നത്.''

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റെനി ഐലിന്‍ എഴുതുന്നത്: ''അഭയയില്‍ ദലിത്‌സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ ഒതുക്കിത്തീര്‍ത്തത്, വിതുര പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ച് പ്രതികളെ രക്ഷിച്ചത് (ഭാര്യയും മക്കളും ഉള്ളയാളെ അയാളുടെ കുടുംബം അറിയാതെ, ബന്ധം വേര്‍പെടുത്താതെയാണ് ഇതു ചെയ്തത്), അഭയ ട്രസ്റ്റില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയത്, ഇതെല്ലാം ചെയ്തിട്ടും ഇടത്തും വലത്തും ഉള്ള സാംസ്‌കാരിക സദസ്സില്‍ സുഗതകുമാരി എന്നും താരമാണ്. എല്ലാം പോരാഞ്ഞിട്ട് ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആര്‍എസ്എസ്സിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ആര്‍എസ്എസ്സ് ഭീകര സംഘടനയല്ല സാംസ്‌കാരിക സംഘടനയാണ് എന്ന നിവേദനത്തില്‍ ഒപ്പിട്ട മഹതിയാണ് സുഗതകുമാരി. പലരുടെയും സ്റ്റാറ്റസില്‍ എന്തോ വലിയൊരു പുതുമ പോലെ; ഒരു സ്‌കൂളിലും പഠിപ്പിച്ചില്ലെങ്കിലും ചാര്‍ത്തിക്കൊടുത്ത 'ടീച്ചര്‍' പദവിയിലൂടെ അവരെ അഭിസംബോധന ചെയ്തുകൊണ്ട് 'ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല' എന്ന മാതിരി എഴുത്തും കണ്ടു. മുഴുത്ത ഫാഷിസ്റ്റ് മൂട്താങ്ങിക്ക് ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ എഴുതാന്‍ കഴിയും.''രൂപേഷ്‌കുമാര്‍ ഷെയര്‍ ചെയ്ത പ്രശാന്ത് കൊയിലൂരിന്റെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്.

ദലിതരെ പലരും പല വിധത്തിലാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പല കോളജുകളിലും 'കാണാത്ത' ദലിതരെ ചില കോളജുകളില്‍ വിപ്ലവകാരികള്‍ തന്നെ 'കണ്ടുപിടിച്ച്' കൊണ്ട് വന്നിരിക്കുന്നു. മേധാശക്തി ഉപയോഗിച്ച് എന്തിനെ എവിടെ കൊണ്ടുവയ്ക്കണം എന്ന് വിപ്ലവകാരികളെ കണ്ടു തന്നെ പഠിക്കണം. ഇര പിടിച്ചാല്‍ ചൂണ്ടയില്‍ കോര്‍ക്കാം പച്ചിലവളത്തിനുമിടാം! രൂപേഷ്  കുമാര്‍ പോസ്റ്റ്  ചെയ്ത  കവിത അനുബന്ധമായി വായിക്കാം. ി

സവര്‍ണരോടുള്ള ദലിതരുടെ പക

ഇന്നത്തെ പ്രോഗ്രാം
രൂപേഷ്  കുമാര്‍  രാവിലെ പത്തു മണിക്ക്:പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊല്ലല്‍.പതിനൊന്നു മണിക്ക്:ദലിത് ഖാപ് പഞ്ചായത്തില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തല്‍.പന്ത്രണ്ടു മണിക്ക്:ആദിവാസികള്‍ക്ക് കക്കൂസ് ഉപയോഗിക്കാന്‍ അറിയില്ലെന്ന് പ്രമേയാവതരണം.ഒരു മണിക്ക്:തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ത്രീയെ അടിച്ചുവീഴ്ത്തി മുടിമുറിക്കല്‍.രണ്ടു മണിക്ക്: തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ത്രീയുടെ തല അടിച്ചുപൊളിക്കല്‍.മൂന്നു മണിക്ക്:'പൊലയാടി മോളെ', 'പൊലയാടി മോനെ' ചേര്‍ത്ത തെറി വിളി മല്‍സരം.നാലു മണിക്ക്:ദുര്‍മന്ത്രവാദിനി എന്നു വിളിച്ചു ഓടയിലെ വെള്ളം കുടിപ്പിക്കല്‍.രാത്രി ഏഴു മണിക്ക്:മ്യൂസിക്കല്‍ നൈറ്റ്.മേല്‍ പറഞ്ഞ കലാപരിപാടികളൊക്കെ കഴിഞ്ഞു കുളിച്ചൊരുങ്ങി ദലിതരുടെ മണിമാളികയുടെ ജനലരികില്‍ നിന്ന് പുറത്തേക്ക് നോക്കി മഴ ആസ്വദിച്ചു കൊണ്ട് 'രാത്രി മഴ ചിമ്മാതെ...'അല്ലെങ്കില്‍ 'കാവ് തീണ്ടല്ലേ മക്കളെ...'രാത്രി പത്തു മണി:അത് പറഞ്ഞാല്‍ നാവു പോലും പുഴുക്കും ചീഞ്ഞു നാറും..!
Next Story

RELATED STORIES

Share it