സുകേശനെതിരേ അന്വേഷണം; ഉദ്യോഗസ്ഥരെ വരുതിയിലാക്കാനുള്ള നീക്കമെന്ന് പിണറായി

ഇടുക്കി: എസ്പി സുകേശനെതിരേ അന്വേഷണം പ്രഖ്യാപിച്ചത് അന്വേഷണോദ്യാഗസ്ഥരെ വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചെറുതോണിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകേശനെ സമ്മര്‍ദ്ദത്തിലാക്കിയാണ് കെ എം മാണി—ക്കനുകൂലമായ റിപോര്‍ട്ട് തയ്യാറാക്കിച്ചത്. അന്വേഷണഘട്ടത്തില്‍ ഇയാള്‍ പറഞ്ഞിരുന്നത് സമ്മര്‍ദ്ദം കാരണം ആത്മഹത്യയുടെ വക്കിലാണെന്നാണ്. പിന്നീട് മറുകണ്ടം ചാടി മന്ത്രിക്കനുകൂലമായി റിപോര്‍ട്ട് നല്‍കി. എന്നാല്‍, സുകേശന്‍ പൂര്‍ണമായി വരുതിയിലായില്ലെന്ന തോന്നലിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച് ഭയപ്പെടുത്തുന്നത്. സുകേശന്‍ ഗൂഢാലോചനക്കാരനാണെങ്കില്‍ മാണിയെ കുറ്റവിമുക്തനാക്കി നല്‍കിയ റിപോര്‍ട്ട് തള്ളിക്കളയേണ്ടേയെന്ന് പിണറായി ചോദിച്ചു. മൂന്ന് ഡിജിപിമാരെ മറികടന്ന് എഡിജിപി മാത്രമായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചത് ഇതിനൊക്കെയാണ്. ഉമ്മന്‍ചാണ്ടിയുടെ മറിമായം ആര്‍ക്കും മനസ്സിലാവില്ലെന്നും പിണറായി പറഞ്ഞു. വിന്‍സന്‍ എം പോളിനുപോലും പിടിച്ചുനില്‍ക്കാനായില്ല. പിന്നയല്ലേ സുകേശന്‍?
ഈ സര്‍ക്കാരിന്റെ ഭരണകാലം സുവര്‍ണകാലമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത് വളരെ ശരിയാണ്. ആര്‍ക്കു സുവര്‍ണകാലം എന്നതാണ് ചോദ്യം. ഉമ്മന്‍ചാണ്ടിക്കും കമ്പനിക്കും ഇതിലും വലിയ സുവര്‍ണകാലം വരാനില്ല. ചാകരയെന്നു പറയാം. പത്തു നിയോജക മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ കേരളത്തിലെ നേതാക്കളോട് നിര്‍ദേശിച്ചത് ബാക്കി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സുമായി ധാരണയിലെത്താനാണെന്നും പിണറായി ആരോപിച്ചു.എം വി ഗോവിന്ദന്‍, എം എം മണി, എം പി മാരായ എം ബി രാജേഷ്, ജോയ്‌സ് ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it