സുകേശനെതിരായ റിപോര്‍ട്ട് പൂഴ്ത്തി; കേരളാ കോണ്‍ഗ്രസ്സിന് അതൃപ്തി

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപോര്‍ട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയതായി ആക്ഷേപം. ഇതില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്തി. കെ എം മാണിക്ക് അനുകൂലമായേക്കാവുന്ന റിപോര്‍ട്ട് പൂഴ്ത്തിയതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരേയാണ് കേരളാ കോണ്‍ഗ്രസ് വിരല്‍ചൂണ്ടുന്നത്.
കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉയര്‍ന്നപ്പോഴാണ് റിപോര്‍ട്ട് പുറത്തെടുത്തതെന്നും ആക്ഷേപമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന് ബിജു രമേശുമായി അടുത്ത ബന്ധമുണ്ടെന്നും ബാര്‍ കോഴക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ക്രൈംബ്രാഞ്ച് റിപോര്‍ട്ട്. ബിജുവുമായുള്ള ബന്ധത്തിന്റെ പേരില്‍ എസ്പിക്കെതിരേ വിജിലന്‍സ് എഡിജിപി ശങ്കര്‍റെഡ്ഡി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, ഇതേ വസ്തുതകള്‍ നിരത്തി എട്ടുമാസം മുമ്പ് സുകേശനെതിരേ ആഭ്യന്തരവകുപ്പിന് ക്രൈംബ്രാഞ്ച് റിപോര്‍ട്ട് നല്‍കുകയുണ്ടായി. കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വസ്തുതാവിവര റിപോര്‍ട്ടിലെ ശുപാര്‍ശ പുറത്തായതോടെ കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരിയുടെ പരാതിയിലാണ് നേരത്തേ സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി കെ ജി സൈമണ്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കൈമാറിയെങ്കിലും എട്ടുമാസത്തോളം വെളിച്ചം കണ്ടില്ല.
മാണിക്കെതിരേ നിരന്തരം വെളിപ്പെടുത്തലുകളും ആരോപണങ്ങളും വന്നപ്പോഴൊന്നും ഈ റിപോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും കേരളാ കോണ്‍ഗ്രസ്സിന് പരാതിയുണ്ട്. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തിലും നടപടികളിലും ഗൂഢാലോചനയുണ്ടെന്ന് മാണി ആരോപിച്ചിരുന്നെങ്കിലും രാജിവയ്ക്കും വരെ ക്രൈംബ്രാഞ്ച് റിപോര്‍ട്ട് പരിഗണിച്ചിരുന്നില്ല.
ഇതില്‍ ആഭ്യന്തരവകുപ്പ് കൈയാളുന്ന ഐ ഗ്രൂപ്പിന്റെ നിലപാടുകളില്‍ മാണിക്ക് അമര്‍ഷമുണ്ടായിരുന്നു. ഒടുവില്‍ ആഭ്യന്തരമന്ത്രിക്കും അതേ ഗ്രൂപ്പുകാരനായ ആരോഗ്യമന്ത്രിക്കുമെതിരേ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അന്വേഷണത്തിന്റെ സാധുത ചോദ്യംചെയ്യുന്ന പഴയ റിപോര്‍ട്ട് പുറത്തായത്. മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു തുടക്കം മുതല്‍ കേരളാ കോണ്‍ഗ്രസ്സിന്റെ വാദം.
സുകേശനെതിരായ റിപോര്‍ട്ടില്‍ നടപടിയെടുത്തില്ലെന്ന വിവരം പുറത്തായതോടെ ഗൂഢാലോചന തെളിഞ്ഞുവരുന്നതായാണ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം. കേസില്‍ സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
അതേസമയം, റിപോര്‍ട്ട് പൂഴ്ത്തിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കെ എം മാണി പറഞ്ഞു. ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്. സത്യം ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it